ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്‍മാറി. ഷര്‍ദ്ദുല്‍ താക്കൂറാണ് ഭുവനേശ്വറിന്റെ പകരക്കാരന്‍. കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്‌ത്തി ഭുവനേശ്വര്‍ ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചിരുന്നു. മത്സരത്തില്‍ ഭുവി ആറു വിക്കറ്റ് വീ‌ഴ്ത്തി.

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ ഇഷാന്ത് ശര്‍മ ആദ്യ രണ്ടു ടെസ്റ്റിലും കളിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭുവിയുടെയും പിന്‍മാറ്റം. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന ഷര്‍ദ്ദുല്‍ താക്കൂര്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.

ഭുവിയുടെ അഭാവത്തില്‍ മൂന്നാം ടെസ്റ്റില്‍ മുഹമ്മദ് ഷാമിക്കൊപ്പം രണ്ടാം പേസറായി ഉമേഷ് യാദവ് ഇടം പിടിക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ ഉമേഷ് കളിച്ചിരുന്നെങ്കിലും കാര്യമായി തിളങ്ങാനായിരുന്നില്ല. ഉമേഷിന് പകരക്കാരനായാണ് ഭുവി രണ്ടാം ടെസ്റ്റില്‍ കളിച്ചത്.