ഏറെ ആരാധകരുള്ള ഏഷ്യയിലേക്കും മെസിയെത്തുന്നു. ഇത്തവണ മത്സരം സിങ്കപ്പുരിലാവും. സിങ്കപ്പുര്‍ ദേശീയ ടീമുമായുള്ള മത്സരം ജൂണ്‍ ആദ്യവാരം നടത്താനാണ് നിലവില്‍ ധാരണയായത്. ജൂണ്‍ ‍13ന് എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സിങ്കപ്പുര്‍ ടീം ചൈനീസ് തായ്‌പേയുമായി ഏറ്റുമുട്ടുന്നുണ്ട്. അതിനു മുന്‍പ് മത്സരം നടത്താനാണ് ശ്രമം നടക്കുന്നത്. റഷ്യയില്‍ വച്ച് നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിന് മുന്നോടിയായി ജൂണ്‍ ആദ്യവാരം ഫിഫ സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയുമാണ്. വലിയ മത്സരങ്ങളൊന്നും സംഘടിപ്പിക്കാന്‍ സാധിക്കാത്തതിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു സിങ്കപ്പുര്‍ ഫുട്‌ബോള്‍ ഹബിന്. 2014ല്‍ ബ്രസീല്‍ ജപ്പാനുമായും സിങ്കപ്പുര്‍ ടീം യുവന്റന്‍സുമായി സൗഹൃദമത്സരങ്ങള്‍ നടത്തിയതാണ് ഇതിന് മുന്‍പ് നടന്ന വലിയ മത്സരം. അതുകൊണ്ട് തന്നെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ മത്സരം നടത്താന്‍ ഫുട്‌ബോള്‍ അധികാരികള്‍ സമ്മര്‍ദ്ദത്തിലുമായിരുന്നു. ഒളിംപിക്‌സിലടക്കം ഇത്തവണ മികച്ച പ്രകടനം നടത്താന്‍ സിങ്കപ്പുരിനായിരുന്നു. അര്‍ജന്റീനയുമായുള്ള മത്സരം സിങ്കപ്പുര്‍ കായികമേഖലയ്ക്കാകെ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ. ഇനി കാത്തിരിപ്പാണ്. മെസി സിങ്കപ്പുര്‍ നാഷണല്‍സ്റ്റേഡിയത്തില്‍ പന്ത് തട്ടുന്നതിനായുള്ള നാല് മാസം നീളുന്ന കാത്തിരിപ്പ്.