കഴിഞ്ഞ ദിവസമാണ് ഇന്ത്യ, ഓസ്‌ട്രേലിയയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റിന്റെ അവസാനത്തോടെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് വന്നുച്ചേര്‍ന്നത്. എന്നാല്‍ മുന്‍പ് 2003-04 പര്യടനത്തില്‍ ഇന്ത്യ 1-1ന് സമനില പിടിച്ചിരുന്നു. അന്ന് സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍.

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസമാണ് ഇന്ത്യ, ഓസ്‌ട്രേലിയയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റിന്റെ അവസാനത്തോടെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് വന്നുച്ചേര്‍ന്നത്. എന്നാല്‍ മുന്‍പ് 2003-04 പര്യടനത്തില്‍ ഇന്ത്യ 1-1ന് സമനില പിടിച്ചിരുന്നു. അന്ന് സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍, രണ്ട് ടീമുകളേയും എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു ഗാംഗുലി. 

അന്നത്തെ ടീമും ഇന്ന് കോലിക്ക്‌ കീഴിലുള്ള ടീമിനേയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ഗാംഗുലിയുടെ ഉത്തരം. താരതമ്യത്തിന് ഞാനില്ലെന്നും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കാവില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഗാംഗുലി അഭിനന്ദിച്ചു. 

ഋഷഭ് പന്ത് ഭാവിയിലേക്കുള്ള കരുതലാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന ടെസ്റ്റിലും ഇംഗ്ലണ്ട് പര്യടനത്തിലും 21കാരന്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. ഈ പ്രകടനത്തിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു സൗരവ് ഗാംഗുലിയുടെ വാക്കുകള്‍.

ഗാംഗുലി തുടര്‍ന്നു... ഭാവിയില്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന ഒരു തകര്‍പ്പന്‍ താരമാണ് ഋഷഭ് പന്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു പന്തിന്റേത്. ഭാവിയില്‍ അവന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നും ഗാംഗുലി. ജസ്പ്രീത് ബുംറ, ചേതേശ്വര്‍ പൂജാര എന്നിവരുടെയും പ്രകടനത്തേയും ഗാംഗുലി പ്രശംസിച്ചു. ഇരുവരും പരമ്പര വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്നും ഗാംഗുലി പറഞ്ഞു.