കൊല്‍ക്കത്ത: വിമര്‍ശനങ്ങള്‍ കേട്ടപ്പോഴും ധോണിയെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തിയതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അഭിനന്ദനം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഫോമിലല്ലാത്തതിന്റെ പേരില്‍ ധോണിയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ധോണി തന്റെ ടീമിലെ കരുത്തുറ്റ സാന്നിധ്യമാണെന്ന് കോലി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കളിക്കാരെ ഇത്രയും പിന്തുണയ്ക്കുന്ന ക്യാപ്റ്റന്‍മാര്‍ ലോക ക്രിക്കറ്റില്‍ അധികമില്ല. കഴിഞ്ഞ ഒന്നരവര്‍ഷവും ധോണിയെ ഒഴിവാക്കാതിരുന്നതിന് കോലിയെ അഭിനന്ദിക്കുന്നു. ഇതാണ് മികച്ച ടീമിന്റെ ലക്ഷണം. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ് കോലിയും ധോണിയും തമ്മിലുള്ളത്. പരസ്പര സ്നേഹവും ബഹുമാനവുമില്ലാതെ ഒരു ടീമിനും മികച്ച ടീമാവാന്‍ കഴിയില്ല-ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും നിര്‍ണായക ഇന്നിംഗ്സുകള്‍ കളിച്ച ധോണി ടീമിന്റെ വിജയശില്‍പിയായതിനൊപ്പം പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.