ഏഷ്യാകപ്പില്‍ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മ്മയെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ അത്ഭുതം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് സമ്മാനിച്ച നായകന്‍ രോഹിത് ശര്‍മ്മയെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തി ഇതിഹാസ താരം സൗരവ് ഗാംഗുലി. ഏഷ്യകപ്പില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്‌ച്ചവെച്ച ഹിറ്റ്‌മാനെ തഴഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് ഗാംഗുലി വ്യക്തമാക്കി. യുഎഇയില്‍ രോഹിത് മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഈ വര്‍ഷാദ്യം ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് രോഹിത് അവസാനമായി ടെസ്റ്റ് കളിച്ചത്. 

Scroll to load tweet…

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അമ്പേ പരാജയമായ ഹീറ്റ്‌മാനെ പിന്നീടുവന്ന അഫ്‌ഗാനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിലും പരിഗണിച്ചിരുന്നില്ല. ഇംഗ്ലീഷ് പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ മറ്റൊരു ഓപ്പണര്‍ ശീഖര്‍ ധവാനെയും വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഒന്നാം ഓപ്പണറായി കെ.എല്‍ രാഹുലിനെ നിലനിര്‍ത്തിയപ്പോള്‍ കൗമാര വിസ്‌മയം പൃഥ്വി ഷായെയും അഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന ബാറ്റ്സ്‌മാന്‍ മായങ്ക് അഗര്‍വാളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഏഷ്യാകപ്പില്‍ കളിക്കാതിരുന്ന വിരാട് കോലി നായകനായി തിരിച്ചെത്തിയപ്പോള്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. മായങ്ക് അഗര്‍വാളിനൊപ്പം പേസര്‍ മുഹമ്മദ് സിറാജിനും ആദ്യമായി ടെസ്റ്റ് ക്ഷണം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഹനുമ വിഹാരിയെയും റിഷഭ് പന്തിനെയും നിലനിര്‍ത്തിയപ്പോള്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നല്‍കി. പരിക്കേറ്റ ഇഷാന്ത് ശര്‍മ്മയയെയും ഹാര്‍ദിക് പണ്ഡ്യയെയും പരിഗണിച്ചില്ല. രണ്ട് മത്സരങ്ങളുളള പരമ്പരയിലെ ആദ്യ ടെസ്റ്റ് അടുത്ത മാസം നാലിന് തുടങ്ങും.

Scroll to load tweet…