കേപ്‌ടൗണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ വിരാട് കോലിയുടെ 34-ാം ഏകദിന സെഞ്ചുറി(160) കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 303 റണ്‍സെടുത്തു. 64 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിയ കോലി 119 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം തവണയാണ് കോലി ഏകദിനത്തില്‍ 150ലേറെ സ്കോര്‍ ചെയ്യുന്നത്. ഇന്ത്യക്കായി ശീഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി നേടി. മധ്യനിരയുടെ തകര്‍ച്ചയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തുന്നതില്‍ നിന്ന് തടഞ്ഞത്.

കേപ്‌ടൗണില്‍ മോശം തുടക്കമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ കാത്തിരുന്നത്. അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ റബാഡ വിക്കറ്റ് കീപ്പര്‍ ക്ലെസന്‍റെ കൈയിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലുമില്ലാതെ രോഹിത് ഒരിക്കല്‍ കൂടി പരാജയമായി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ശീഖര്‍ ധവാനും കോലിയുടെ ചേര്‍ന്ന് കരുതലോടെ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ ടീം സ്കോര്‍ 140ല്‍ നില്‍ക്കേ 63 പന്തില്‍ 76 റണ്‍സെടുത്ത ധവാനെ ജെ.പി ഡുമിനി മര്‍ക്രേമിന്‍റെ കൈകളിലെത്തിച്ചു. 

പിന്നാലെ 11 റണ്‍സെടുത്ത് അജിങ്ക്യ രഹാനെയും 14 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും അടുത്തടുത്ത് പുറത്തായതോടെ ടീം സ്കോര്‍ നാലിന് 188. രഹാനെയെ ജെ.പി ഡുമിനിയും പാണ്ഡ്യയെ ക്രിസ് മോറിസുമാണ് മടക്കിയത്. എന്നാല്‍ ഒരറ്റത്ത് തളരാതെ 40-ാം ഓവറിലെ ആദ്യ പന്തില്‍ കോലി 34-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നിരുന്നു. ഇതോടെ കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ കുതിക്കുകയാണെന്ന് തോന്നിച്ചു. 

എന്നാല്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത് ധോണിയെ(10) സ്പിന്നര്‍ ഇമ്രാന്‍ താഹിറും കേദാര്‍ ജായവിനെ ഫെലുക്വായോയും മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് കണ്ടത് വാലറ്റത്തെ പ്രതീക്ഷയായ ഭുവനേശ്വറിനെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ കോലി തന്ത്രപൂര്‍വ്വം കളിക്കുന്നതാണ്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ 16 റണ്‍സായിരുന്നു ഭുവിയുടെ നിര്‍ണായക സംഭാവന.

ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, താഹിര്‍, മോറിസ്, ഫെലൂക്വായോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിക്കറ്റ്കീപ്പർ ഹെന്‍റിച്ച് ക്ലാസന്‍, പേസർ ലുങ്കി എന്‍ഗിഡി എന്നിവർ മത്സരത്തില്‍ അരങ്ങേറി. അതേസമയം കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.