ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ദക്ഷിണാഫ്രിക്ക ഒന്നാമത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് നേട്ടം. അവസാന ഏകദിനത്തില്‍ 88 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. വിജയലക്ഷ്യമായ 386 റൺസ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 296 റൺസെടുക്കാനേ കഴിഞ്ഞുളളൂ. സെഞ്ച്വറി നേടിയ ഗുണരത്നെ മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്.
നേരത്തെ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ ക്വിന്‍റൺ ഡി കോക്കും ഹഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. അംല 134 പന്തില്‍ 154 ഉം ഡി കോക്ക് 87 പന്തില്‍ 109 ഉം റൺസ് നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 187 റൺസ് കൂട്ടിച്ചേര്‍ത്തു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 350 റൺസില്‍ കൂടുതല്‍ നേടുന്ന ടീമെന്ന ഇന്ത്യയുടെ റെക്കോര്‍ഡും ദക്ഷിണാഫിക്ക മറികടന്നു.
തുടര്‍ച്ചയായി പതിനൊന്നാം വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ഒരു പോയിന്‍റിന് പിന്നിലാക്കിയാണ് ഒന്നാം റാങ്കിലെത്തിയത്.
