ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തുണയായത്. പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്കയ്ക്കായി അഞ്ച് മത്സരങ്ങളില്‍ 10 വിക്കറ്റുകളാണ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ നേടിയത്. മികച്ച പ്രകടനത്തോടെ 49 പോയിന്റ് നേടിയ താഹിര്‍ ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെയും വിന്‍ഡീസിന്റെ സുനില്‍ നരെയ്‌നെയും പിന്നിലാക്കി. 37കാരനായ താഹിര്‍ തന്നെയാണ് ഐസിസി ടി20 റാങ്കിംഗിലും ഒന്നാമത്. പരമ്പരയില്‍ 11 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ പാര്‍നല്‍ 28ആം സ്ഥാനത്തെത്തി.
ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരില്ല. ബാറ്റ്മാന്‍മാരുടെ പട്ടികയിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മുന്നേറി. അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയുമടക്കം 410 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലീസ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ നാലാം സ്ഥാനത്തെത്തി. ഡേവിഡ് വാര്‍ണര്‍ക്കും എ ബി ഡിവില്ലിയേഴ്‌സിനും പിന്നില്‍ മൂന്നാമതുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. സഹതാരങ്ങളായ ക്വിന്റണ്‍ ഡി കോക്ക് അഞ്ചാമതും ഹാഷിം അംല ആറാം സ്ഥാനത്തുമുണ്ട്. ബംഗ്ലാദേശ് താരം ഷാഖിബ് അല്‍ ഹസനാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമത്.
