സിഡ്നി: ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിക്കെതിരെ പന്ത് ചുരുണ്ടല്‍ ആരോപണം. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഡൂപ്ലെസി പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ജയം നേടിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ഐസിസി ഡൂപ്ലെസിക്കെതിര കുറ്റം ചുമത്തി.

രണ്ടാം ടെസ്റ്റിനിടെ മിന്റ് ചവച്ചുകൊണ്ടിരിക്കെ ഡൂപ്ലെസി പന്തില്‍ തുപ്പല്‍ ഉപയോഗിച്ച് തിളക്കം കൂട്ടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പന്തിന്റെ തിളക്കം കൂട്ടാനായി തുപ്പല്‍ പുരട്ടാമെങ്കിലും സ്വാഭാവികത നഷ്ടമാവുന്ന രീതിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഐസിസി ചട്ടം. ഡൂപ്ലെസി ഇത് ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ആരോപണം ഡൂപ്ലെസി നിഷേധിച്ചിട്ടുണ്ട്. ഐസിസി മാച്ച് റഫറിയുടെ നേതൃത്വത്തില്‍ ഡൂപ്ലെസിയുടെ കൂടി വാദം കേട്ടശേഷം സംഭവത്തില്‍ ശിക്ഷ പ്രഖ്യാപിക്കും. മാച്ച് ഫീയുടെ 100 ശതമാനം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

അതിനിടെ, ഡൂപ്ലെസിയെ ന്യായീകരിച്ച് ദക്ഷിണാഫ്രിക്കന്‍ ടീം ഒന്നടങ്കം ഇന്ന് മെല്‍ബണില്‍ വാര്‍ത്താസമ്മേശനം നടത്തി. ആദ്യം ഇതൊരു തമാശയാണെന്നാണ് കരുതിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഹാഷിം അംല പറഞ്ഞു. എ.ബി.ഡിവില്ലിയേഴ്സിന് പരിക്കേറ്റതിനാലാണ് ട്വന്റി-20 നായകനായ ഡൂപ്ലെസിയെ ടെസ്റ്റില്‍ താല്‍ക്കാലിക നായകനാക്കിയത്.