ഇരു കൈയും കൊണ്ട് പന്തെറിയുന്ന കമിന്ദു മെന്‍ഡിസ് ഇംഗ്ലണ്ടിനെതിരായ ഏക ടി20ക്കുള്ള ലങ്കന്‍ ടീമില്‍. മലിംഗയ്ക്കും ടീമില്‍ ഇടം ലഭിച്ചപ്പോള്‍ മാത്യൂസ് പുറത്ത്. 

കൊളംബോ: ഇരു കൈയും കൊണ്ട് പന്തെറിയുന്ന ഇരുപതുകാരനായ നിഗൂഢ സ്‌പിന്‍ ഓള്‍റൗണ്ടര്‍ കമിന്ദു മെന്‍ഡിസിനെ ടീമിലെടുത്ത് ശ്രീലങ്ക. ഇംഗ്ലണ്ടിനെതിരായ ഏക ടി20ക്കുള്ള 15 അംഗ സ്‌ക്വാഡിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ലങ്കയ്ക്കായി നിരവധി അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കമിന്ദു ഇരു കൈയും കൊണ്ട് പന്തെറിഞ്ഞ് പലകുറി ശ്രദ്ധ നേടിയിരുന്നു. നല്ലൊരു ബാറ്റ്‌സ്മാന്‍ കൂടിയാണ് 2018 അണ്ടര്‍ 19 ലോകകപ്പില്‍ ലങ്കന്‍ നായകനായിരുന്ന താരം‍. 

എയ്‌ഞ്ചലേ മാത്യൂസ് ടീമിന് പുറത്തായപ്പോള്‍ തിസാര പെരേരയാണ് നായകന്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ പേസര്‍ ലസിത് മലിംഗയും ടീമിലെത്തി. ദിനേശ് ചന്ദിമല്‍, നിരോഷാന്‍ ഡിക്ക്‌വെല്ല, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ധനഞ്‌ജയ ഡി സില്‍വ, ഡാസുന്‍ ശനകാ, ഇസിരു ഉധാന, അഖില ധനഞ്‌ജയ, ദുഷ്‌മന്താ ചമീര, കാശുന്‍ രജിത, ലക്ഷ‌ാന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. ശനിയാഴ്‌ച്ച പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.