ലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്നയുടെ പരുക്കില്‍ ആശങ്കകള്‍ക്ക് വിരാമം. പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ട് പരുക്കേറ്റ താരം ആശുപത്രി വിട്ടു.

കാന്‍ബറ: ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സറില്‍ പരുക്കേറ്റ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്ന ആശുപത്രി വിട്ടു. ശ്രീലങ്ക- ഓസീസ് രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് കരുണരത്നയുടെ കഴുത്തിന് പിന്നില്‍ കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ടത്. പന്ത് കൊണ്ടയുടനെ നിലത്തുവീണ താരത്തിന്‍റെ ആരോഗ്യത്തില്‍ ക്രിക്കറ്റ് ലോകം ആശങ്കയിലായിരുന്നു

ബൗണ്‍സറേറ്റ് പിടഞ്ഞ താരത്തിന് മൈതാനത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മത്സരത്തില്‍ മികച്ച തുടക്കമാണ് കരുണാരത്‌നെ ശ്രീലങ്കയ്ക്ക് നല്‍കിയത്. 85 പന്തുകള്‍ നേരിട്ട താരം 46 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. അഞ്ച് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കരുണാരത്‌നെയുടെ ഇന്നിംഗ്‌സ്. 

മൂന്നാം ദിനം താരം കളിക്കുമോ എന്ന് നാളെ മത്സരത്തിന് മുന്‍പേ മാത്രമേ പറയാനാകൂവെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. കുശാല്‍ പെരേര (11), ധനഞ്ജയ ഡി സില്‍വ (1) എന്നിവരാണ് ക്രീസില്‍. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സ്‌ അഞ്ചിന് 534 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.