ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ശീഖര്‍ ധവാന്‍ തിരുത്തിയത് 63 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. ലഞ്ചിനുശേഷമുള്ള സെഷനില്‍ മാത്രം 126 റണ്‍സടിച്ച ധവാന്‍ ഒരു സെഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. 133 റണ്‍സെടുത്തിട്ടുള്ള വീരേന്ദര സെവാഗാണ് ധവാന് മുന്നിലുള്ളത്. സെവാഗിന്റെ പ്രകടനവും ലങ്കയ്ക്കെതിരെ ആയിരുന്നു. മുംബൈയില്‍ നടന്ന ടെസ്റ്റില്‍ 293 റണ്‍സെടുത്താണ് സെവാഗ് പുറത്തായത്.
ധവാന്റെ റെക്കോര്‍ഡിന് പുറമെ ഇന്ത്യ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. ഒന്നാം ദിനം 399 റണ്‍സടിച്ച ഇന്ത്യ വിദേശത്ത് ടെസ്റ്റിന്റെ ആദ്യദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയ ധവാന്‍ ഗോളില്‍ ഒരു വിദേശ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്വന്തം പേരിലാക്കി.
ധവാനൊപ്പം ഇന്ന് ഓപ്പണിംഗ് വിക്കറ്റില്‍ കളിക്കാനിറങ്ങിയത് അഭിനവ് മുകുന്ദായിരുന്നു. വിരാട് കോലി നായകനായശേഷം ഇന്ത്യയുടെ ഓപ്പണര്‍മാരാവുന്ന ഒമ്പതാമത്തെ സഖ്യമാണ് ഇവരുടേത്. ഇത് തുടര്‍ച്ചയായി 26-ാം ടെസ്റ്റിലാണ് കോലി തൊട്ടു മുന്‍ ടെസ്റ്റിലെ ടീമില്‍ മാറ്റവുമായി ഇറങ്ങുന്നത്. നായകനായ ശേഷം ഒറു ടെസ്റ്റില്‍ പോലും കോലി ഒരേ ഇലവനെ നിലനിര്‍ത്തിയിട്ടില്ല.
