ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലിരാജ് ക്രിക്കറ്റിൽ വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ അനവധിയാണ്. ഇന്ത്യൻ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റൻകൂടിയായ മിതാലി, ഇപ്പോള്‍ ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്‌വുമണാണ്. കൂടാതെ ലോകകപ്പ് ക്രിക്കറ്റിൽ 1000 റണ്‍സ് തികച്ചിട്ടുള്ള ഏക താരവും മിതാലിയാണ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാൻ അവതാരകനായ പുതിയ ടിവി ഷോയിൽ അതിഥിയായ എത്തിയ മിതാലിരാജ് ക്രിക്കറ്റിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ് തുറന്നു. അതിനിടയിലാണ് മിതാലിയുടെ അര്‍പ്പണബോധത്തെക്കുറിച്ച് കിങ്ഖാൻ സംസാരിച്ചത്. കളിക്കളത്തിൽ നൂറു ശതമാനം അര്‍പ്പണബോധത്തോടെ ഇടപെടുന്ന മിതാലിരാജ്, ഭാവിയിൽ ഇന്ത്യൻ പുരുഷടീമിന്റെ കോച്ചാകുന്നത് നന്നായിരിക്കുമെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് കഴിഞ്ഞാൽ വായനയെ ഇഷ്‌ടപ്പെടുന്നതിന്റെ രഹസ്യവും മിതാലി വെളിപ്പെടുത്തി. മൽസരദിവസങ്ങളിലാണ് താൻ കൂടുതല്‍ പുസ്‌തകങ്ങള്‍ വായിക്കുക. ഇത് മാനസികസമ്മര്‍ദ്ദം ഒഴിവാക്കാൻ സഹായിക്കുമെന്നും മിതാലി പറഞ്ഞു. ഇക്കഴിഞ്ഞ വനിതാലോകകപ്പിനിടെ മിതാലി പുസ്തകം വായിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മിതാലിയുടെ കീഴിൽ ഇന്ത്യ രണ്ടുതവണ ലോകകപ്പ് ഫൈനൽ കളിച്ചിട്ടുണ്ട്. എന്നാൽ 2017ൽ ഇംഗ്ലണ്ടിനോടും 2015ൽ ഓസ്‌ട്രേലിയയോടും ഇന്ത്യ തോൽക്കുകയായിരുന്നു. ഫൈനലിൽ തോറ്റെങ്കിലും മിതാലിയുടെ ഇന്ത്യൻ ടീമിന് ലഭിച്ച പിന്തുണ ഏറെ ശ്രദ്ധേയമായിരുന്നു.