തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ താരങ്ങളായ അജ്മലും വിനിയും വേഗമേറിയ താരങ്ങളായി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ 12.63 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പാലക്കാട് മുണ്ടൂർ സ്കൂളിലെ വിനി സ്വര്‍ണമണിഞ്ഞത്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ അജ്മല്‍ 10.97 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു.

സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ മലപ്പുറം കെഎംഎൻഎസ്എസ് അതളൂരിലെ വിദ്യാർത്ഥിയായ ശ്രീരാജ് സ്വര്‍ണം നേടി. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരത്തിന്റെ സി. അഭിനവ് സ്വർണ്ണം നേടിയപ്പോള്‍ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോതമംഗലം മാർ ബേസിലിന്റെ സോഫിയ സണ്ണിക്കാണ് സ്വർണ്ണം.

സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോടിന്റെ എൽഗ തോമസ് സ്വർണ്ണം നേടി. ഉഷ് സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ താരമായ എൽഗ നേരത്തെ 400 മീറ്ററിലും സ്വർണ്ണം നേടിയിരുന്നു. കായിക മേളയിലെ ആദ്യ ഡബിളാണ് എൽഗ സ്വന്തമാക്കിയത്.