മെല്‍ബണ്‍: ടെസ്റ്റില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. അതിശയിപ്പിക്കുന്ന റണ്‍വേട്ടയുമായി മികച്ച ഫോമിലാണ് ഓസീസ് നായകന്‍. ബ്രാഡ്മാന് ശേഷമുള്ള മികച്ച ടെസ്റ്റ് താരമെന്ന് ഇതിനകം പേരെടുത്തു സ്മിത്ത്. എന്നാല്‍ കളിക്കളത്തിലെ കൂര്‍മശാലിയായ സ്മിത്തിന് ട്വിറ്ററില്‍ വലിയൊരു അബദ്ധം പിണഞ്ഞു.
ടെന്നീസിലെ ഗ്ലാമര്‍ പോരാട്ട വേദിയായ ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു സ്മിത്തിന്‍റെ അമളി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാണാന്‍ ഭാര്യ ഡാനി വില്ലിസിനൊപ്പം എത്തിയതായിരുന്നു സ്മിത്ത്. ഗാലറിയിലിരുന്ന് ഭാര്യയ്ക്കൊപ്പം സെല്‍ഫിയെടുത്തു ഓസീസ് നായകന്‍. 'ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മനോഹരമായ രാത്രി, ഞങ്ങള്‍ രണ്ടുപേരും ടെന്നീസ് ഇഷ്ടപ്പെടുന്നു' എന്ന തലക്കെട്ടോടെ ഇത് ട്വീറ്റ് ചെയ്തു.
എന്നാല്‍ ട്വിറ്റ് ചെയ്തപ്പോള്‍ മറ്റൊരു ഡാനി വില്ലിസിനെയാണ് സ്മിത്ത് ടാഗ് ചെയ്തത്. ടാഗ് ചെയ്തത് മാറിപ്പോയെന്ന് മാത്രമല്ല ഫേക്ക് അക്കൗണ്ടാണെന്ന അബദ്ധവും സ്മിത്തിന് സംഭവിച്ചു. എന്നാല്‍ അമളി തിരിച്ചറിഞ്ഞ ആരാധകര്‍ ഓസീസ് നായകനെ തിരുത്തി രംഗത്തെത്തി. ഇനി ഭാര്യയായ ഡാനി വില്ലിസിനെ മറന്നേക്കൂ എന്നായിരുന്നു ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കമന്‍റുകളിലൊന്ന്.
