രാജ്കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്. ഇന്നലെ 99 റൺസുമായി ക്രീസ് വിട്ട മൊയീൻ അലി രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ സെഞ്ചുറി തികച്ചു. 117 റൺസ് നേടിയ മൊയീൻ അലിയെ മുഹമ്മദ് ഷാമി ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും ബെൻ സ്റ്റോക്സ്(84) അർധ സെഞ്ചുറിയുമായി ക്രീസിൽ തുടരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സെടുത്ത ക്രിസ് വോക്സാണ് സ്റ്റോക്സിന് കൂട്ട്.
അലിയുടെ നാലാമത് ടെസ്റ്റ് സെഞ്ചുറിക്കാണ് ഇന്നു രാവിലെ രാജ്കോട്ട് വേദിയായത്. ആദ്യ ദിനത്തിലേതിന് സമാനമായി രണ്ടാം ദിനവും ഇന്ത്യ ക്യാച്ചുകള്‍ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. സ്റ്റോക്സിനെയും ബെയര്‍സ്റ്റോയെയും വൃദ്ധിമാന്‍ സാഹ ഓരോ തവണ കൈവിട്ടത് ഇംഗ്ലണ്ടിന് അനുഗ്രഹമായി. ആദ്യദിനം ഇംഗ്ലണ്ടിനായി ജോ റൂട്ട്(124) സെഞ്ചുറി നേടിയരുന്നു. സ്റ്റോക്സ് കൂടി സെഞ്ചുറി നേടിയാല്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ മൂന്നാം സെഞ്ചുറിയാവുമത്.
