കേപ്ടൗണ്‍: കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നിരിക്കേ നിര്‍ണായക നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍. അവസാന അങ്കത്തിനിറങ്ങുന്ന ഇന്ത്യ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ പുറത്തിരുത്തണമെന്ന് ഗവാസ്കര്‍ ആവശ്യപ്പെട്ടു. 

രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ യുസ്‌വേന്ദ്ര ചാഹലിനെ അടിച്ചുപരത്തിയിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ ചാഹല്‍ വിക്കറ്റൊന്നും നേടാതെ 64 റണ്‍സാണ് വഴങ്ങിയത്. ചാഹലിന്‍റെ ഓവറുകളില്‍ ഡുമിനിയും ക്ലാസനും തകര്‍പ്പനടി പുറത്തെടുത്തതാണ് രണ്ടാം ടി20യില്‍ ഇന്ത്യ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന്. അതേസമയം ചാഹലിന് പകരം അക്ഷര്‍ പട്ടേലിനേയോ കുല്‍ദീപ് യാദവിനേയോ ഇന്ത്യ ടീമിലുള്‍പ്പെടുത്തിയേക്കും.