വൗ അതിഗംഭീരം, ജഡേജയുടെ ഫീല്‍ഡിങ് കണ്ട് അമ്പരന്ന് സുനില്‍ ഗവാസ്കര്‍

ഡേജയുടെ ഫീല്‍ഡിങ് മികവില്‍ അമ്പരന്ന് മുന്‍ താരം സുനില് ഗവാസ്കര്‍. മത്സരത്തില്‍ ഉടനീളം മേല്‍ക്കൈ നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയതൊന്നുമല്ല ഗവാസ്കറെ അത്ഭുതപ്പെടുത്തിയത്. അതിവേഗത്തിലുള്ള താരത്തിന്‍റെ സ്റ്റൈലിഷ് ഫീല്‍ഡിങ് മികവാണ്. അതിവേഗം ബൗള്‍ ചേസ് ചെയ്ത് പിടിച്ച് കീപ്പര്‍ക്ക് പാസ് ചെയ്യുന്ന ജഡേജയുടെ മികവിനെ കമാന്‍ററി ബോക്സിലുണ്ടായിരുന്ന ഗവാസ്കര്‍ വാനോളം പുകഴത്തി. അതിമനോഹരം എന്നാണ് ജഡ്ഡുവിന്‍റെ ഫീല്‍ഡിങ്ങിനെ ഗവാസ്കര്‍ വിശേഷിപ്പിച്ചത്. 

അഫ്ഗാനിസ്ഥാനുമായുള്ള ആദ്യ ടെസ്റ്റിലായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്. ഇന്ത്യ നിറഞ്ഞാടിയ അഫ്ഗാന്‍റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഒന്ന് പൊരുതാന്‍ പോലുമാകാതെ ഇന്നിംഗ്സിനും 262 റണ്‍സിനും രണ്ടാം ദിനം തന്നെ അഫ്ഗാനിസ്ഥാന്‍ പരാജയം സമ്മതിച്ചു. ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിങ്ങും ബൗളിങ്ങുമടക്കം സര്‍വ മേഖലയും മികവ് കാട്ടിയ മത്സരമയിരുന്നു അത്.

രണ്ടാം ദിനം ആറ് വിക്കറ്റിന് 347 എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യയെ 474 റണ്‍സില്‍ അഫ്ഗാന്‍ പുറത്താക്കി. സെഞ്ച്വറി നേടിയ മുരളി വിജയ്‍യെയും ശിഖര്‍ ധവാനെയും കൂടാതെ 71 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. അഫ്ഗാനായി യാമിന്‍ അഹ്മദസായി മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ സൂപ്പര്‍ താരം റാഷിദ് ഖാനും വാഫദാറും രണ്ടു വിക്കറ്റുകള്‍ സ്വന്തം പേരിലെഴുതി ആദ്യ ടെസ്റ്റില്‍ മികച്ച ഓര്‍മകള്‍ സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ അഫ്ഗാന് പക്ഷേ ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാനുള്ള അവസരം ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയില്ല. 14 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മുഹമ്മദ് ഷഹ്സാദ് റണ്‍ഔട്ടില്‍ പുറത്തായതോടെ ടീമിന്‍റെ ആത്മവിശ്വാസം അമ്പേ തകര്‍ന്നു. നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ കളം പിടിച്ചതോടെ അഫ്ഗാന്‍ താരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കൂടാരം കയറി.

രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും അശ്വിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ബൗളര്‍മാരുടെ ശൗര്യത്തിന് മുന്നില്‍ അഫ്ഗാന്‍റെ പ്രതിരോധം 109 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്സില്‍ ഇറങ്ങിയ അഫ്ഗാന് വീണ്ടും അഗ്നി പരീക്ഷയാണ് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിട്ടത്. മികച്ച ബാറ്റ്സ്മാനായ മുഹമ്മദ് ഷഹ്സാദിന്‍റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായതോടെ പിന്നീട് വന്നവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

ആദ്യ ഇന്നിംഗ്സില്‍ 24 റണ്‍സെടുത്ത മുഹമ്മദ് നബി അല്‍പനേരം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ സംപൂജ്യനായി പുറത്തായി. ഹഷ്മത്തുലാഹ് ഷഹാദി 36 റണ്‍സെടുത്തപ്പോള്‍ നായകന്‍ അസ്ഗാര്‍ സ്റ്റാന്‍സിക്കായ് 25 റണ്‍സെടുത്തും പുറത്തായി. ബാക്കിയാര്‍ക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതെ പോയതോടെ 103 റണ്‍സ് മാത്രമാണ് അഫ്ഗാന് പടുത്തുയര്‍ത്താനായത്.

ഇന്ത്യക്കായി ജഡേജ നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഉമേഷ് മൂന്ന് വിക്കറ്റുകളും പിഴുതു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ കടുത്ത പരീക്ഷണത്തില്‍ ആദ്യമായിറങ്ങിയതിന്‍റെ അമ്പരപ്പ് അഫ്ഗാന്‍ താരങ്ങള്‍ക്കെല്ലാമുണ്ടായിരുന്നു. കുറഞ്ഞ കാലം കൊണ്ട് ട്വന്‍റി 20യില്‍ മികച്ച വിജയങ്ങള്‍ കൊയ്തെടുത്ത ടീമിന് ഇനി കളി പരിചയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതോടെ മികച്ച പ്രകടനത്തിന് കളമൊരുങ്ങുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിശകലനം