രാഹുലിന് പിന്നാലെ നരെയ്ന്‍ വെടിക്കെട്ട്, 17 പന്തില്‍ അര്‍ധസെഞ്ചുറി

First Published 8, Apr 2018, 10:31 PM IST
Sunil Narine hits 17 ball 50 for KKR
Highlights

ക്രിസ് വോക്സ് എറിഞ്ഞ നാലാം ഓവറില്‍ 20 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 17 റണ്‍സുമാണ് നരെയ്ന്‍ അടിച്ചെടുത്തത്.

കൊല്‍ക്കത്ത: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ പഞ്ചാബിന്റെ കെ എല്‍ രാഹുല്‍ 14 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നും. ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 17 പന്തിലായിരുന്നു അര്‍ധസെഞ്ചുറി തികച്ചത്. നാലു ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു നരെയ്നിന്റെ ഇന്നിംഗ്സ്. കഴിഞ്ഞ സീസണില്‍ ബംഗലൂരുവിനെതിരെ 17 പന്തില്‍ 54 റണ്‍സടിച്ച നരെയ്ന്‍ അതിന്റെ തനിയാവര്‍ത്തനമാണ് കൊല്‍ക്കത്തയിലും പുറത്തെടുത്തത്.

ക്രിസ് വോക്സ് എറിഞ്ഞ നാലാം ഓവറില്‍ 20 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 17 റണ്‍സുമാണ് നരെയ്ന്‍ അടിച്ചെടുത്തത്. മുമ്പ് കൊല്‍ക്കത്തക്കായി നരെയ്ന്‍ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ വെറും 14 പന്തില്‍ അര്‍ധസെഞ്ചുറികുറിച്ച രാഹുല്‍ ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

16 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായ രാഹുല്‍ ആറ് ഫോറും നാല് സിക്സറും പറത്തിയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയത്. 2014ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്കായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ യൂസഫ് പത്താന്റെയും 15 പന്തില്‍ കൊല്‍ക്കത്തക്കായി അര്‍ധസെഞ്ചുറി നേടിയിട്ടുള്ള സുനില്‍ നരെയ്ന്റെയും റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയെഴുതിയത്. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സുരേഷ് റെയ്നയും 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആദം ഗില്‍ക്രിസ്റ്റുമാണ് അതിവേഗ അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ളവര്‍.

 

loader