2013 ലാണ് ബിസിസിഐ മുഖ്യ പ്രോമട്ടര്‍മാരായ ഐപിഎല്ലില്‍ ഒത്തുകളി നടന്നതായ വാര്‍ത്ത വരുന്നത്. ഇത് സംബന്ധിച്ച് കേസും വിവിധ കോടതികളിലായി നിറഞ്ഞു. ഇന്ത്യയിലെ ക്രിക്കറ്റിനെ സംബന്ധിച്ച് ഉയര്‍ന്ന വിവിധ പരാതികള്‍ അന്ന് സുപ്രീംകോടതി പരിഗണിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചത്. കോഴക്കളി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് ബിസിസിഐ ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ലോധ കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

അവയില്‍ പറഞ്ഞ പ്രധാന നിര്‍ദേശങ്ങള്‍ ഇവയായിരുന്നു

1. 70 വയസ്സിന് മുകളിൽ പ്രായമായവർ, മന്ത്രിമാർ, സര്‍ക്കാ‍ർ ഉദ്യോഗസ്ഥർ എന്നിവർ ബി.സി.സി.ഐ ഭാരവാഹിയാകാൻ പാടില്ല.

2. ബി.സി.സി.ഐയിൽ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം വേണം.

3. ഒരു സംസ്ഥാനത്ത് ഒന്നിൽ കൂടുതൽ ക്രിക്കറ്റ് അസോസിയേഷൻ ഉണ്ടെങ്കിൽ അതിൽ ഒരു അസോസിയേഷന്‍റെ വോട്ട് മാത്രമെ ബി.സി.സി.ഐ പരിഗണിക്കാവു.

4. സംസ്ഥാന ക്രിക്കറ്റിലും ബി.സി.സി.ഐയിലും ഒന്നിച്ച് ഭാരവാഹിത്വം പാടില്ല

5. ഐ.പി.എല്ലിനും ബി.സി.സി.ഐക്കും പ്രത്യേക ഗവേണിംഗ് ബോഡി വേണം

6. കംപ്ട്രോളർ ആന്‍റ് ഓഡിറ്റ‍ർ ജനറൽ നിര്‍ദ്ദേശിക്കുന്ന പ്രതിനിധി ബി.സി.സി.ഐയിൽ ഉണ്ടാകണം

7. ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തിന്‍റെ കാലാവധി രണ്ടുവര്‍ഷമാക്കണം

8. മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുടെ നേതൃത്വത്തിലുള്ള വിഷയനിര്‍ണയ സമിതി രൂപീകരിക്കണം


ഇതില്‍ ഒരു നിര്‍ദേശം തിരിച്ചയച്ചു, അത് ഇതാണ്.

ടീം ഉടമകൾ ഐ.പി.എൽ ഗവേണിംഗ് ബോഡിയുടെ ഭാഗമാകണമെന്ന ശുപാര്‍ശ വിരുദ്ധ താല്പര്യമാകുമോ എന്ന് ലോധ സമിതി തന്നെ പരിശോധിക്കണം

പാര്‍ലമെന്‍റ് പരിഗണിക്കേണ്ട നിര്‍ദേശം ഇതാണ്

ബി.സി.സിഐ ആര്‍.ടി.ഐയുടെ ഭാഗകണമെന്ന ശുപാര്‍ശയും,
വാതുവെപ്പ് നിയമവിധേയമാക്കണമെന്നും ശുപാര്‍ശയും സുപ്രീംകോടതി പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിട്ടു.

എന്നാല്‍ ലോദ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ബിസിസിഐ തള്ളുകയായിരുന്നു. ലോധ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നത്‌ പ്രായോഗികമല്ലെന്നാണ്‌ ബിസിസിഐ നിലപാട് എടുത്തത്‌. ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും ബിസിസിഐ ഇതിനായി അണിനിരത്തി.

എന്നാല്‍ ഇതെല്ലാം തള്ളിയ തീരുമാനം ആണ് സുപ്രീംകോടതി തിങ്കളാഴ്ച നല്‍കിയ വിധിയിലൂടെ സംഭവിച്ചത്. എന്തിനാണ് ക്രിക്കറ്റിന് മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ എന്ന ചോദ്യത്തിന് ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദം എന്നതിനപ്പുറം വലിയോരു സാമ്പത്തിക ക്രയവിക്രിയ മേഖലയാണ് ഇതെന്നാണ് സുപ്രീംകോടതിയുടെ വിശദീകരണം.

നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സംഘടനയാണ് ബിസിസിഐ. ക്രിക്കറ്റിന്‍റെ അന്താരാഷ്ട്ര ഏജന്‍സി ഐസിസിയെപ്പോലും നിയന്ത്രിക്കാന്‍ ശക്തമാണ് ബിസിസിഐ അതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അടിസ്ഥാന തലത്തില്‍ വരെ ലോധ കമ്മിറ്റി വരുത്തുന്ന മാറ്റം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം.