കൊല്‍ക്കത്ത: ഫോമില്ലായ്മയും പരിക്കും മൂലം നാളുകളായി ഇന്ത്യന്‍ ടീമിന്‍റെ പുറത്താണ് സുരേഷ് റെയ്നയുടെ സ്ഥാനം. ടീം പ്രവേശനത്തിനുള്ള യോയോ ടെസ്റ്റ് പലകുറി പരാജയപ്പെടുകയും ചെയ്തതോടെ റെയ്നയുടെ ഭാവി തുലാസിലായി. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫോമിലല്ലാത്ത റെയ്നയെ നിലനിര്‍ത്തി. മുഷ്താഖ് അലി ട്രോഫിയില്‍ സംഹാരതാണ്ഡവമാടി ചെന്നൈയുടെ പ്രതീക്ഷ കാത്തിരിക്കുകയാണ് റെയ്നയിപ്പോള്‍.
ബംഗാളിനെതിരായ ട്വന്‍റി20 മത്സരത്തില്‍ ഉത്തര്‍പ്രദേശിനായി അതിവേഗ സെഞ്ചുറി നേടി റെയ്ന ഫോമിലെത്തിക്കഴിഞ്ഞു. 59 പന്തില്‍ പുറത്താകാതെ 126 റണ്‍സെടുത്ത റെയ്നയുടെ മികവില്‍ ഉത്തര്‍പ്രദേശ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് അടിച്ചെടുത്തു. 13 ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങിയതായിരുന്നു റെയ്നയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്.
റെയ്നയ്ക്കൊപ്പം നായകന്‍ അക്ഷ്ദീപ് നാഥും(80) തകര്‍ത്തടിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 16 ഓവറില്‍ 160 റണ്‍സിന് ബംഗാള്‍ പുറത്തായതോടെ ഉത്തര്‍പ്രദേശ് 75 റണ്‍സിന് വിജയിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മൊഹസീന്‍ ഖാനുമാണ് ബംഗാളിനെ എറിഞ്ഞിട്ടത്. റെയ്‌ന ഫോമിലെത്തിയതോടെ ഐപിഎല്ലില്‍ രണ്ടാം വരവ് ചെന്നൈ ആഘോഷമാക്കുമെന്നുറപ്പായി.
