ധാക്ക: ബംഗ്ലാദേശ് സൂപ്പര്‍ താരം തമീം ഇക്ബാല്‍ മരണമുഖത്തു നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചിറ്റഗോംഗില്‍ നടന്ന ബംഗ്ലാദേശിന്റെ ത്രിദിന പരിശീലന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ 29 റണ്‍സടിച്ച് പുറത്തായതില്‍ കുപിതനായ തമീം ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയശേഷം റൂമിലെ ഗ്ലാസ് ഡോറില്‍ ബാറ്റ് കൊണ്ട് ശക്തിയായി അടിച്ചു.

പിന്നീട് ഗ്ലാസ് ഡോര്‍ തള്ളിത്തുറന്ന് അകത്തുകയറാന്‍ ശ്രമിക്കവെ വാതിലിന്റെ ചില്ല് പൊട്ടി താഴെ വീഴുകയായിരുന്നു. ബാലന്‍സ് നഷ്ടമായ തമീം പൊട്ടി വീണ കുപ്പിച്ചിലുകള്‍ക്കുമേല്‍ മേല്‍ മറിഞ്ഞു വീണു. കുപ്പിച്ചില്ല് കുത്തിക്കയറി വയറില്‍ മുറിവേറ്റ തമീമിനെ ചോര വാര്‍ന്നുകൊണ്ടിരിക്കുന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍ ചികിത്സ ലഭ്യമാക്കിയതിനാല്‍ തമീം അപകടനില തരണം ചെയ്തു. വയറിനേറ്റ മുറിവില്‍ നാലു തുന്നലുകളുണ്ട്.

ഹെല്‍മെറ്റും പാഡുകളും ധരിച്ചിരുന്നതിനാലാണ് തമീമിന്റെ പരിക്ക് മാരകമാവാതിരുന്നത്. തന്റെ പാഡുകളുടെ അവസ്ഥ കണ്ടാല്‍ എത്രവലിയ അപകടത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് എല്ലാവര്‍ക്കും മനസിലാവുമെന്ന് പിന്നീട് തമീം പ്രതികരിച്ചു. വരാനിരിക്കുന്ന ഓസ്ട്രേലിയക്കന്‍ പരമ്പരയ്ക്ക് മുന്നോടിയായാണ് ബംഗ്ലാദേശ് ത്രിദിന പരീശീലന മത്സരം കളിക്കുന്നത്.