കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാനാവത്ത ചരിത്ര നേട്ടമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്വന്തമാക്കിയത്. 1932ല്‍ ടെസ്റ്റ് പദവി ലഭിച്ചശേഷം വിദേശത്ത് ആദ്യമായി പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന അപൂര്‍വ റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്.

ഇതിനുപുറമെ മറ്റൊരു ഇന്ത്യന്‍ നായകനും ലങ്കയില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകള്‍ ജയിക്കാനായിട്ടില്ലെന്നതും കോലിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. 2000നുശേഷം ഓസ്‍ട്രേലിയ മാത്രമാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ തൂത്തുവാരിയിട്ടുള്ളത്.

2003-2004ല്‍ ആയിരുന്നു ഇത്. അവസാന ടെസ്റ്റും ജയിച്ചാല്‍ ഓസീസിനുശേഷം ലങ്കയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇന്നിംഗ്സിനും 171 റണ്‍സിനും അവസാന ടെസ്റ്റ് ജയിച്ച ഇന്ത്യ വിദേശത്ത് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് സ്വന്തമാക്കിയത്.

ടെസ്റ്റ് പദവി ലഭിച്ചശേഷം ഇത് രണ്ടാം തവണമാത്രമാണ് ശ്രീലങ്ക നാട്ടില്‍ നടന്ന പരമ്പരയില്‍ എല്ലാ ടെസ്റ്റും തോല്‍ക്കുന്നത്. ഇന്ത്യക്ക് പുറമെ 2004ല്‍ ഓസ്ട്രേലിയ മാത്രമാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.