ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് ഒരു കോടിയും വീട് പണിയാന്‍ സ്ഥലവും നല്‍കി തെലുങ്കാന സര്‍ക്കാര്‍. വ്യാഴാഴ്ച്ചയാണ് തെലുങ്കാന കായിക മന്ത്രി ടി പദ്മറാവു മിതാലിയെ സ്നേഹോപഹാരം നല്‍കി ആദരിച്ചത്. മിതാലിയുടെ പരിശീലകന്‍ ആര്‍.എസ് മൂര്‍ത്തിക്ക് 25 ലക്ഷം രുപയും നല്‍കിയിട്ടുണ്ട്. കായിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്‍റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് മിതാലിക്ക് ഉപഹാരം നല്‍കിയത്. ഇന്ത്യയെ വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായികയാണ് മിതാലി.
ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി. 186 ഏകദിനങ്ങളിലെ 167 ഇന്നിംഗ്സുകളില്‍ നിന്ന് 6190 റണ്‍സാണ് മിതാലി അടിച്ചുകൂട്ടിയത്. വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച ഏക താരവും മിതാലിയാണ്. ഏകദിനത്തില്‍ കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികളുടെ റെക്കോര്‍ഡും മിതാലിക്കുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനായ മിതാലി രാജ് ഈ വര്‍ഷത്തെ ഐസിസി വണ്‍ഡേ ടീം ഓഫ് ദ ഇയറില്‍ ഇടംപിടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചുകാരിയായ മിതാലി 1999 മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ്. മിതാലിയുടെ നായകത്വത്തില്‍ 2005ലും ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയിരുന്നു.
