ദില്ലി: യൂറോ 2016ല്‍ ഐസ്‌ലന്‍ഡിന്റെ ആരാധകരും ടീം അംഗങ്ങളും ചേര്‍ന്ന് നടത്തിയ വിജയാഘോഷം ഫുട്ബോള്‍ ആരാധകര്‍ ഒരിക്കലും മറന്നിട്ടുണ്ടാവില്ല. വിക്കിംഗ് ക്ലാപ്പ് എന്ന താളത്തിലുള്ള കൂട്ട കൈയടി ഫുട്ബോളിനെ സ്നേഹിക്കുന്നവരെ അത്രമേല്‍ ആവേശത്തിലാഴ്ത്തുന്നതായിരുന്നു. അതുകൊണ്ടുകൂടിയാണ് ഐസ്‌ലന്‍ഡ് ആരാധകര്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകക്കൂട്ടമായത്.

ഇന്നലെ ഡല്‍ഹി ഡൈനാമോസിനെ കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അത് കാണാന്‍ ഡല്‍ഹിയിലെ കൊടുംതണുപ്പിനെ അവഗണിച്ചും മഞ്ഞപ്പടയുടെ പതിനായിരത്തോളം ആരാധകര്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ടീമിന്റെ ഓരോ നീക്കത്തിനും കൈയടിച്ചും ഗോളുകളെ ആഘോഷമാക്കിയും അവര്‍ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായി.

 ടീം മോശം പ്രകടനം നടത്തിയപ്പോള്‍ പോലും കൈവിടാതെ കൈയടിച്ച ഈ ആവേശക്കൂട്ടത്തിന് ഐഎസ്എല്ലിലെ രണ്ടാം വിജയത്തിനുശേഷം ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ നല്‍കിയത് ഐസ്‌ലന്‍ഡിന്റെ വിഖ്യാതമായ വിക്കിംഗ് ക്ലാപ്പ് ആയിരുന്നു. അതിന് ടീമിനെ പ്രേരിപ്പിച്ചതാകട്ടെ പുതിയ പരിശിലീകന്‍ ഡേവിഡ് ജെയിംസും. കാണാം മഞ്ഞപ്പടയുടെ ഹൃദയം തൊട്ട ആ കൂട്ട കൈയടി.