സെഞ്ചൂറിയന്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഓസീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 14.3 ഓവര്‍ ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 113 പന്തില്‍ 178 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 294/9, ദക്ഷിണാഫ്രിക്ക 36.2 ഓവറില്‍ 295/4.

സെഞ്ചുറിയുടെ കാര്യത്തില്‍ ഡീ കോക്ക് പല റെക്കോര്‍ഡുകളും തിരുത്തിയെഴുതുകയും ചെയ്തു. ഓസ്ടേലിയക്കെതിരെ നേടിയ സെഞ്ചുറി ഡീ കോക്കിന്റെ പതിനൊന്നാം സെഞ്ചുറിയാണ്. 65 മത്സരങ്ങളില്‍ നിന്നാണ് ഡീ കോക്ക് ഈ നേട്ടം കൈവരിച്ചത്. 66 മത്സരങ്ങളില്‍ 11 സെഞ്ചുറി അടിച്ച ദക്ഷിണാഫ്രിക്കയുടെതന്നെ ഹാഷിം അംഗലയുടെ റെക്കോര്‍ഡ് ഇതോടെ ഡ‍ീ കോക്ക് മറികടന്നു.ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഡീ കോക്ക് നേടിയത്.

ഹെര്‍ഷല്‍ ഗിബ്സിന്റെ 175 റണ്‍സിന്റെ റെക്കോര്‍ഡാണ് ഡീ കോക്ക് തിരുത്തിയത്. ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറെന്ന നേട്ടവും ഇന്നലത്തെ ഇന്നിംഗ്സോടെ ഡീ കോക്കിന് സ്വന്തമായി. ഗാരി കിര്‍സ്റ്റന്റെ 188 റണ്‍സാണ് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 23-ാം വയസില്‍ പതിനൊന്ന് സെഞ്ചുറി തികച്ച ഡീ കോക്ക് സച്ചിന്റെ റെക്കോര്‍ഡിനും ഒപ്പമെത്തി. 23 വയസിനുള്ളില്‍ 13 ഏകദിന സെഞ്ചുറി കുറിച്ചിട്ടുള്ള വിരാട് കൊഹ്‌ലി മാത്രമാണ് ഇനി ഡീ കോക്കിന്റെ മുമ്പിലുള്ളത്.