വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടേയും ഹണിമൂണ്‍ ചിത്രമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് ഫോട്ടോഷോപ്പ് ചിത്രം. കോലിയുടെ ഒരു പാക് ആരാധകനാണ് ഈ ചിത്രം ഫോട്ടോഷോപ്പില്‍ ഡിസൈന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഡിസംബര്‍ 11ന് ഇറ്റലിയില്‍വെച്ച് വിവാഹിതരായ കോലിയും അനുഷ്‌കയും ഹണിമൂണ്‍ ആഘോഷിക്കുകയാണെന്ന തരത്തിലാണ് ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. യഥാര്‍ത്ഥ ചിത്രമാണെന്ന് കരുതി നിരവധിപ്പേര്‍ അത് ഷെയര്‍ ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്തിരുന്നു. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലെ ചരിത്ര സ്മാരകങ്ങളെ പശ്ചാത്തലമാക്കിയും ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളുടെ കോപ്പി പാകിസ്ഥാനിലെ ചില ജ്യൂസ് കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഏതായാലും പാകിസ്ഥാനില്‍നിന്നുള്ള കോലിയുടെ ആരാധകനാണ് ചിത്രത്തിന് പിന്നിലെന്നാണ് വിവരം. ഇറ്റലിയില്‍വെച്ച് വിവാഹിതരായ കോലിയും അനുഷ്‌കയും ഡിസംബര്‍ 21ന് ദില്ലിയില്‍വെച്ചും 26ന് മുംബൈയില്‍വെച്ചും വിവാഹ സല്‍ക്കാരം നടത്തുന്നുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാനാകാത്ത കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായാണ് ദില്ലിയിലെ സല്‍ക്കാരം. ബോളിവുഡിലെയും ക്രിക്കറ്റിലെയും സഹതാരങ്ങള്‍ക്കായാണ് മുംബൈയിലെ സല്‍ക്കാരം. ഇതിനുശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകുന്ന കോലിയ്‌ക്കൊപ്പം അനുഷ്‌കയും പോകുന്നുണ്ട്. ഇരുവരുടെയും ന്യൂ ഈയര്‍ ആഘോഷം ദക്ഷിണാഫ്രിക്കയില്‍വെച്ചാണ്. അതിനുശേഷം ജനുവരി ആദ്യം അനുഷ്‌ക ഇന്ത്യയിലേക്ക് മടങ്ങും.