ദില്ലി: 2019ലെ ഏകദിന ലോകകപ്പ് വരെ എംഎസ് ധോണി കളിക്കണോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിച്ച ചര്‍ച്ച നടക്കുകയാണ്. മികച്ച പ്രകടനം മാത്രമായിരിക്കും ടീമില്‍ തുടരാനുള്ള യോഗ്യതയെന്നും പൂര്‍വകാല മികവിന്റെ പേരില്‍ ആര്‍ക്കും 2019ലെ ലോകകപ്പില്‍ സ്ഥാനം ലഭിക്കില്ലെന്നും ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വീരേന്ദര്‍ സെവാഗ് പറയുന്നത് ധോണി ആരാധകരെ ശരിക്കും സന്തോഷിപ്പിക്കും. കാരണം 2019 ലോകകപ്പിലും ധോണിയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരാളില്ലെന്നാണ് സെവാഗിന്റെ അഭിപ്രായം. ധോണിയുടെ പകരക്കാരനെ ഇന്ത്യ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും സെവാഗ് പറയുന്നു.

റിഷഭ് പന്ത് മികച്ച കളിക്കാരനാണ്. പക്ഷെ ധോണിയുടെ പകരക്കാരനാവാന്‍ പന്തിന് ഇനിയും സമയം വേണമെന്നും സെവാഗ് പറഞ്ഞു. അത് സംഭവിക്കുകയാണെങ്കില്‍ തന്നെ 2019 ലോകകപ്പിന് ശേഷമായിരിക്കുമെന്നും സെവാഗ് പറയുന്നു. അതുവരെ പന്തിന് മത്സരപരിചയം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.

ധോണി റണ്ണടിക്കുന്നുണ്ടോ ഇല്ലെ എന്നൊന്നും നമ്മള്‍ നോക്കേണ്ടതില്ല. 2019 ലോകകപ്പ് വരെ ധോണി ഫിറ്റായിരിക്കാനാണ് നമ്മള്‍ ഇപ്പോള്‍ പ്രാര്‍ഥിക്കേണ്ടത്. മധ്യനിരയില്‍ ധോണിക്കുള്ള പരിചയസമ്പത്തിന് പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. മോശം പ്രകടനങ്ങള്‍ എല്ലാക്കാലത്തും സംഭവിക്കുന്നതാണ്. കരിയറിലുടനീളം മികച്ച പ്രകടനങ്ങള്‍ മാത്രം തുടരാന്‍ ആര്‍ക്കുമാവില്ല. ബിസിനസിലെന്നതുപോലെ ചിലവര്‍ഷങ്ങളില്‍ നഷ്ടമുണ്ടാവും. ചിലപ്പോള്‍ നേട്ടവും. ധോണിയുടെ പകരക്കാരനായി കെഎല്‍ രാഹുലിനെ പരിഗണിക്കരുതെന്നും സെവാഗ് പറഞ്ഞു. ഏകദിനങ്ങളില്‍ ഒരു പാര്‍ട് ടൈം കീപ്പറല്ല വേണ്ടത്. ഒരു സ്റ്റംപിംഗോ ക്യാച്ചോ നഷ്ടമായാല്‍ അത് കളിതന്നെ കൈവിടേണ്ടിവരും.

മധ്യനിര ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കി ലോകകപ്പ് ആവുമ്പോഴേക്കും ടീം അംഗങ്ങള്‍ക്കെല്ലാം 100 മത്സരങ്ങളുടെയെങ്കിലും പരിചയസമ്പത്ത് ഉറപ്പാക്കണമെന്നും സെവാഗ് പറഞ്ഞു.സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ പരിചയസമ്പത്തുകൊണ്ടേ കഴിയൂ. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവര്‍ക്കെല്ലാം ഇത്തരത്തില്‍ അവസരം നല്‍കണം. ടെസ്റ്റ് പരമ്പരയില്‍ 200 ഓളം ഓവര്‍ എറിഞ്ഞു തളര്‍ന്ന അശ്വിന് വിശ്രമം നല്‍കിയത് ഉചിതമായെന്നും സെവാഗ് പറഞ്ഞു.