ഇന്‍ഡോര്‍: ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂന്നാം ടെസ്റ്റ് മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മിലിന്ദ് കന്‍മാദികാര്‍ വ്യക്തമാക്കി. മത്സരം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ബിസിസിഐയില്‍ നിന്ന് യാതൊരു നിര്‍ദേശവും വന്നിട്ടില്ലെന്നും കന്‍മാദികാര്‍ പറഞ്ഞു. എട്ടു മുതല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ്.
സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ നല്‍കിയ ഗ്രാന്‍ഡ് ഉപയോഗിക്കരുതെന്ന ലോധ സമിതി ശുപാര്‍ശയെത്തുടര്‍ന്നാണ് മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ ലോധ സമിതി മരവിപ്പിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ലോധാ സമിതി തന്നെ നേരിട്ട് വ്യക്തമാക്കി.
ടെസ്റ്റിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് കന്‍മാദികാര്‍ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് പരമ്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു.
