മുംബൈ: ക്രിക്കറ്റില്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. സാക്ഷാല്‍ സച്ചിന്‍ ടെല്‍ഡുല്‍ക്കര്‍ക്കുവരെ ഇത്തരത്തില്‍ പല അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നു. സമീപകാലത്ത് വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നടത്തിയ മുന്നേറ്റം വിദേശ പരമ്പരകളിലും ഇന്ത്യ തുടരുമോ എന്ന് ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന ആരാധകര്‍ക്കായി ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ എന്ന ജ്യോതിഷി.

ആള് ചില്ലറക്കാരനല്ല, ധോണി 2019ലെ ലോകപ്പിലും ഇന്ത്യക്കായി കളിക്കുമെന്നും ടെന്നീസ് എല്‍ബോയ്ക്കുശേഷം സച്ചിന്‍ തിരിച്ചുവരുമെന്നും ഭാരത് രത്ന നേടുമെന്നും ഗാംഗുലിയുടെ തിരിച്ചുവരവും 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവുമെല്ലാം കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണെന്നാണ് അവകാശപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം കോലിപ്പട വിജയം നേടുമെന്നാണ് നരേന്ദ്ര ബുണ്ഡെയുടെ പുതിയ പ്രവചനം.

കോലിയുടെ രാശി തെളിഞ്ഞിരിക്കുന്ന സമയമാണെന്നും ഇത് ഇന്ത്യക്ക് വിദേശ പരമ്പരകളില്‍ മുതല്‍ക്കൂട്ടാകുമെന്നുമാണ് ബുണ്ഡെയുടെ പ്രവചനം. വിദേശത്ത് പരമ്പരകള്‍ നേടിയില്ലെങ്കില്‍പ്പോലും വലിയ തോല്‍വികളോ സമ്പൂര്‍ണ തോല്‍വികളോ ഉണ്ടാവില്ലെന്നും ബുണ്ഡെ അവകാശപ്പെടുന്നു.

2006മുതലാണ് ക്രിക്കറ്റ് പ്രവചനവുമായി ബുണ്ഡെ രംഗത്തെത്തിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, മുരളി കാര്‍ത്തി, മലയാളി താരം ശ്രീശാന്ത്, സഹീര്‍ ഖാന്‍, ഗംഭീര്‍, റെയ്ന തുടങ്ങിയ പ്രമുഖരെല്ലാം തന്നില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും ബുണ്ഡെ അവകാശപ്പെടുന്നു. വനിതാ ലോകകപ്പില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജും തന്നില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ടെന്നാണ് ബുണ്ടെ പറയുന്നത്. എന്തായാലും ബുണ്ഡെയുടെ പ്രവചനം ഫലിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.