കൊച്ചി: ഐ എസ് എല്‍ ഫൈനല്‍ പോരാട്ടം കാണാന്‍ ടിക്കറ്റിനായുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. ആയിരക്കണക്കിന് ആളുകളാണ് സ്റ്റേഡിയത്തിന് മുന്നില്‍ ടിക്കറ്റിനായി കാത്തിരിക്കുന്നത്.

കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ പരസ്‌പരം കാണുന്നവര്‍ക്ക് ചോദിക്കാനുള്ളത് ഒറ്റക്കാര്യം. ടിക്കറ്റ് കിട്ടിയോ. പ്രായ-ദേശ വിത്യാസമില്ലാതെ ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.

ടിക്കറ്റ് കിട്ടാതെ നിരാശരായ ആരാധകര്‍ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകള്‍ തല്ലിപ്പൊളിച്ചു. കരിഞ്ചന്തയില്‍ 300 രൂപയുടെ ടിക്കറ്റിന് രണ്ടായിരം രൂപവരെയാണ് ചോദിക്കുന്നത്. പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ഇതിനിടെ വ്യാജവെബ്സൈറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ടിക്കറ്റ് നാലായിരം രൂപയ്‌ക്ക് വില്‍ക്കാനായിരുന്നു ശ്രമം.