ട്രിനിഡാഡ്: ലോകത്തെ ഏറ്റവും വരുമാനമുള്ള അത്‍ലറ്റ് എന്ന തലയെടുപ്പോടെയാണ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിടപറയുക.100 മീറ്ററിലും റിലേയിലുമാണ് ബോള്‍ട്ട് ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് മത്സരിക്കുന്നത്. മത്സരിച്ച ഇനങ്ങളില്‍ ഒരിക്കലും തോല്‍വി അറിയാത്ത ബോള്‍ട്ട് തന്നെയാണ് അത്‍ലറ്റിക് ചരിത്രത്തിലെ ഏറ്റവും വരുമാനമുള്ള അത്‍ലറ്റും. ഫോര്‍ബ്സ് മാസിക ഇക്കൊല്ലം പുറത്തിറക്കിയ പട്ടികയില്‍ 34.2 ദശലക്ഷം ഡോളറാണ് ബോള്‍ട്ടിന്റെ വാര്‍ഷിക വരുമാനം.

മത്സര പ്രതിഫലമായി സ്വന്തമാക്കിയത് പതിനേഴ് ദശലക്ഷം ഡോളര്‍. ബാക്കി തുകയത്രയും പരസ്യ വരുമാനത്തിലൂടെ സ്വന്തമാക്കിയതാണ്. ബോള്‍ട്ടിനോളം വിപണിമൂല്യമുള്ള മറ്റൊരു അത്‍ലറ്റില്ല. ഇതുകൊണ്ടു തന്നെയാണ് ബോള്‍ട്ട് ലോകത്തെ ഏറ്റവും വരുമാനമുള്ള 100 കായിക താരങ്ങളുടെ പട്ടികയിലെ ഏക അത്‍ലറ്റായത്. പട്ടികയില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ജമൈക്കന്‍ ഇതിഹാസം. വിരമിച്ചതിന് ശേഷം ഫുട്ബോളില്‍ സജീവമാകാന്‍ ഒരുങ്ങുന്ന വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫൗണ്ടേഷനും തുടക്കമിട്ടുകഴിഞ്ഞു.

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഫൗണ്ടേഷന്‍ പ്രധാനമായും സഹായിക്കുക. എട്ട് ഒളിംപിക് സ്വര്‍ണത്തിന് ഉടമയായ ബോള്‍ട്ടിന്റെ പേരിലാണ് 100, 200 മീറ്ററുകളിലെ ലോകറെക്കോര്‍ഡ്.