വിദര്‍ഭയുടെ ബൗളിംഗും സൗരാഷ്ട്രയുടെ ബാറ്റിംഗും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും ഫൈനല്‍ സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ താരങ്ങളായ ഉമേഷ് യാദവും ചേതേശ്വര്‍ പൂജാരയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമാവും അതില്‍ ഏറ്റവും ശ്രദ്ധേയം.

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിന് ഞായറാഴ്ച നാഗ്പൂരില്‍ തുടക്കം.നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയ്ക്ക് സൗരാഷ്ട്രയാണ് എതിരാളികള്‍. പേസ് ബൗളര്‍മാരുടെ മികവില്‍ സെമിയില്‍ കേരളത്തെ എറിഞ്ഞൊതുക്കിയാണ് വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഫൈനലില്‍ എത്തിയതെങ്കില്‍ കര്‍ണാടകയ്ക്കെതിരെ ബാറ്റിംഗ് മികവിലാണ് സൗരാഷ്ട്ര ആദ്യ കിരീടം തേടി ഫൈനല്‍ കളിക്കുന്നത്.

വിദര്‍ഭയുടെ ബൗളിംഗും സൗരാഷ്ട്രയുടെ ബാറ്റിംഗും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും ഫൈനല്‍ സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ താരങ്ങളായ ഉമേഷ് യാദവും ചേതേശ്വര്‍ പൂജാരയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമാവും അതില്‍ ഏറ്റവും ശ്രദ്ധേയം. ക്വാര്‍ട്ടറിലും സെമിയിലും ഉമേഷിന്റെ ബൗളിംഗ് മികവിലാണ് വിദര്‍ഭ ജയിച്ചു കയറിയത്. ക്വാര്‍ട്ടറിലും സെമിയിലുമായി രണ്ട് കളികളില്‍ നിന്ന് 21 വിക്കറ്റാണ് ഉമേഷ് എറിഞ്ഞിട്ടത്. ഇതില്‍ കേരളത്തിനെതിരായ 12 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടുന്നു.

സൗരാഷ്ട്ര ഫൈനലില്‍ എത്തിയതാകട്ടെ ഓസീസ് പര്യടനം കഴിഞ്ഞെത്തിയ പൂജാരയുടെ ബാറ്റിംഗ് മികവിന്റെ പിന്‍ബലത്തിലും. ക്വാര്‍ട്ടറില്‍ ഉത്തര്‍പ്രദേശിനെതിരെയും സെമിയില്‍ കര്‍ണാടകയ്ക്കെതിരെയും നാലാം ഇന്നിംഗ്സില്‍ വലിയ സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചാണ് സൗരാഷ്ട്രയുടെ വരവ്. പൂജാരക്ക് പുറമെ ഹര്‍വിക് ദേശായി, അര്‍പിത് വാസവദ, ഷെല്‍ഡണ്‍ ജാക്സണ്‍ തുടങ്ങിയവരുടെ ബാറ്റിംഗ് ഫോമും സൗരാഷ്ട്രയുടെ കരുത്താണ്. ക്യാപ്റ്റന്‍ ജയദേവ് ഉനദ്ഘട്ടിലാണ് സൗരാഷ്ട്രയുടെ ബൗളിംഗ് പ്രതീക്ഷകള്‍. ഈ സീസണില്‍ 52 വിക്കറ്റെടുത്ത ധര്‍മേന്ദ്ര സിംഗ് ജഡേജയുടെ പ്രകടനവും ഫൈനലില്‍ നിര്‍ണായകമാവും.

40 വയസിലും മിന്നുന്ന ഫോം തുടരുന്ന വസീം ജാഫറിലാണ് വിദര്‍ഭയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. ഈ സീസണില്‍ 1003 റണ്‍സുമായി സിക്കിമിന്റെ മിലിന്ദ് കുമാറിന്(1331) പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജാഫര്‍. നാലു സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ജാഫറിന് പുറമെ ഫയിസ് ഫസലും സഞ്ജയ് രാമസ്വാമിയും അക്ഷയ് വാഡ്ക്കറും ബാറ്റിംഗ് മികവ് തുടര്‍ന്നാല്‍ സൗരാഷ്ട്രക്ക് കാര്യങ്ങള്‍ കടുപ്പമാകും. ബൗളിംഗില്‍ ഉമേഷിനെ മാറ്റി നിര്‍ത്തിയാല്‍ ആദിത്യ സര്‍വതെയെ മാത്രമെ വിദര്‍ഭക്ക് ആശ്രയിക്കാനുള്ളു എന്നത് പോരായ്മയാണ്. കഴിഞ്ഞ സീസണില്‍ മിന്നിത്തിളങ്ങിയ യുവതാരം രജനീഷ് ഗുര്‍ബാനിക്ക് ഈ സിസണില്‍ ഇതുവരെ മികവിലേക്ക് ഉയരാനായിട്ടില്ല.