കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ലങ്കയെ തകര്‍ത്ത് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ടോസിനെചൊല്ലി വിവാദം. മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ ടോസ് ലഭിച്ചത് ലങ്കയ്ക്കായിരുന്നെങ്കിലും കമന്റേറ്ററയാ മുരളി കാര്‍ത്തിക്ക് അബദ്ധത്തില്‍ ടോസ് ഇന്ത്യക്കാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കോലിയെ സംസാരിക്കാന്‍ വിളിക്കുകയും ചെയ്തു.
ലങ്കന്‍ നായകന്‍ ഉപുല്‍ തരംഗയ്ക്കും കോലിക്കും കാര്‍ത്തിക്കിനും പുറമെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റും ഈ സമയം പിച്ചിലുണ്ടായിരുന്നു. തരംഗ കോയിന്‍ ടോസ് ചെയ്തപ്പോള്‍ കോലി ഹെഡ്സ് എന്നാണ് വിളിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടെയ്ല്‍ ആണ് വീണത്. മാച്ച് റഫറി കോയിന്‍ നോക്കിയശേഷം ലങ്കന്‍ നായകനുനേരെ വിരല്‍ ചൂണ്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തരംഗയ്ക്ക് തൊട്ടടുത്ത് നിന്നിരുന്ന കോലിയെയാണ് മാച്ച് റഫറി വിളിച്ചതെന്ന് കരുതി കാര്‍ത്തി ഇന്ത്യക്ക് ടോസെന്ന് പ്രഖ്യാപിച്ച് കോലിയെ സംസാരിക്കാന്‍ വിളിക്കുകയും ടോസ് ജയിച്ച കോലി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഈ സമയം മാച്ച് റഫറി കൈകള്‍ വിടര്‍ത്തി അബദ്ധം പറ്റിയകാര്യം സൂചിപ്പിച്ചെങ്കിലും അത് തിരുത്താന്‍ ശ്രമിച്ചതുമില്ല. എന്നാല്‍ മാച്ച് റഫറി ടോസിനുശേഷം ഇന്ത്യാ എന്ന് വിളച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും സൂചനയുണ്ട്. കോയിന്‍ ടോസ് ചെയ്ത ശേഷം ഇരു ക്യാപ്റ്റന്‍മാരും കോയിനിലേക്ക് പോലും നോക്കാതിരുന്നതും യാദൃശ്ചികമായി. മഴമൂലം വൈകി തുടങ്ങിയ കളി വീണ്ടും തടസപ്പെടാനിടയുള്ളതിനാല്‍ ടോസ് നിര്‍ണായകമാകുമായിരുന്നു.
ടോസ് നേടുന്ന ടീമിന് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനും മഴ കളിമുടക്കിയാല്‍ ലക്ഷ്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനുമാവും. എന്നാല്‍ മത്സരത്തില്‍ മഴ വില്ലനാവാതിരുന്നതോടെ അത്തരം വിവാദങ്ങളിലേക്ക് കടന്നില്ല. ഇതാദ്യമായല്ല ടോസില്‍ ആശയക്കുഴപ്പമുണ്ടാകുന്നത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയപ്പോള്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ വിളി കേള്‍ക്കാതിരുന്ന മാച്ച് റഫറി രണ്ടാമതും ടോസ് ചെയ്യിക്കുകയായിരുന്നു.
