കേപ്‌ടൗണ്‍: രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിയുന്ന ബാറ്റ്സ്മാന്‍റെ അഭാവമാണെന്ന് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 135ല്‍ പുറത്താവുകയായിരുന്നു. 37 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് ആര്‍ക്കും 30ലധികം സ്കോര്‍ ചെയ്യാനായില്ല.
ന്യൂലന്‍ഡ്സ് പോലുള്ള പിച്ചില്‍ 20, 30 റണ്‍സു കൊണ്ട് ടീമിനെ വിജയിപ്പിക്കാനാവില്ല. ഡെയ്ല്‍ സ്റ്റെയ്ന്‍ പരിക്കേറ്റ് ബൗള്‍ ചെയ്യാതിരുന്നിട്ടും ഇന്ത്യ കീഴടങ്ങി. ഫീല്‍ഡിലും ബാറ്റിംഗിലും ഇന്ത്യ വരുത്തിയ പിഴവുകളാണ് തോല്‍വിക്ക് കാരണം. ബാറ്റ്സ്മാന്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുകളും നിര്‍ണായകമായ റണ്‍സും കണ്ടെത്താന്‍ കഴിയണമെന്നും കോലി പറഞ്ഞു. കുറഞ്ഞ വിജയലക്ഷ്യമായിട്ടും പ്രതിരോധിക്കാതെ വരിവരിയായി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 93 റണ്‍സ് നേടി ടീമിനെ രക്ഷിച്ച ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിക്കാന്‍ കോലി മറന്നില്ല. വിദേശ മണ്ണിലും ഹര്‍ദികില്‍ നിന്ന് മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നതായി കോലി പറഞ്ഞു. പേസ് ബൗളിംഗിനു മുന്നില്‍ ഇരു ടീമും വിറച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ഫിലാന്‍ഡറിലൂടെ കളി ജയിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് അടക്കം മത്സരത്തിലാകെ ഒന്‍പത് വിക്കറ്റുകളാണ് ഫിലാന്‍ഡര്‍ പിഴുതത്.
