ദില്ലി: ഇറ്റലിയിൽവച്ച് വിവാഹിതരായ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വിവാഹച്ചടങ്ങുകൾക്കും മധുവിധുവിനും ശേഷം തിരിച്ചെത്തിയപ്പോഴാണ് ഇരുവരും പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
ഇരുവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹത്തിന്റെ ഓഫിസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

പ്രധാനമന്ത്രി ഇരുവർക്കും ആശംസകൾ നേർന്നതായും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. നവദമ്പതികൾ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. വിവാഹത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ഈ മാസം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മുംബൈയിലും ദില്ലിയിലും വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 21നാണ് ദില്ലിയിലെ വിരുന്ന്. ഡിസംബർ 26നാണ് മുംബൈയിലെ വിരുന്ന്.

അതിനിടെ, ഇറ്റലിയിൽവച്ച് വിവാഹം നടത്തിയ വിരാട് കോലിക്ക് രാജ്യ സ്നേഹമില്ലെന്ന ആരോപണമുയർത്തി മധ്യപ്രദേശിൽനിന്നുള്ള ഒരു ബിജെപി എംഎൽഎ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

ഇന്ത്യയിൽനിന്ന് പണം സമ്പാദിച്ച കോലി ഇറ്റലിയിൽ കൊണ്ടുപോയി ഈ പണം ചെലവഴിച്ചെന്നായിരുന്നു ഗുണയിൽനിന്നുള്ള ജനപ്രതിനിധിയായ പന്നാലാൽ ശാഖ്യയുടെ വിമർശനം.