കൊല്‍ക്കത്ത: സാധാരണയായി ബാറ്റെടുത്ത് ഗ്രൗണ്ടിലിറങ്ങുന്ന വിരാട് കൊഹ്‌ലി ഗാന്ധി ജയന്തി ദിനത്തില്‍ ചൂലെടുത്തായിരുന്നു ഗ്രൗണ്ടിലിറങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മൂന്നാം ദിനത്തെ കളിക്കുശേഷമായിരുന്നു കൊഹ്‌ലി ചൂലെടുത്ത് ഗ്രൗണ്ടിലിറങ്ങിയത്.ബിസിസി ഐ പ്രസിഡന്റ് അനുരാഗ് താക്കൂറും കൊഹ്‌ലിക്കൊപ്പം ചൂലെടുത്ത് ഗ്രൗണ്ടിലിറങ്ങി.

സ്വച്ഛ് ഭാരതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സംയുക്തമായി ചൂലെടുത്ത് ഈഡനിലെ ഗ്രൗണ്ട് വൃത്തിയാക്കാന്‍ ഇറങ്ങിയത്. സ്റ്റേഡിയം വൃത്തിയാക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍തന്നെ നേരിട്ടിറങ്ങിയത് കാണികളെയും അമ്പരപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2014 ലാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയ്ക്ക് തുടക്കമിട്ടത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെമ്പാടും നടന്ന സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.