മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വരുകാല പ്രതീക്ഷയാണ് അണ്ടര്‍ 19 താരം പൃഥ്വി ഷാ. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും സെഞ്ചുറി നേടിയാണ് പൃഥ്വി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വരവറിയിച്ചത്. വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്താകും ഈ മുംബൈ താരം എന്നാണ് പ്രതീക്ഷ. ഇപ്പോള്‍ പൃഥ്വി ഷായെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ രംഗത്തെത്തിയിരിക്കുന്നു.
അണ്ടര്‍ 19 നായകന്‍ പൃഥ്വി ഷായെക്കുറിച്ച് വലിയ ആകാംഷയിലാണ് . സീനിയര്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും താരത്തിന്‍റെ പ്രകടനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. മുതിര്‍ന്ന പല താരങ്ങളെയും മറികടന്നാണ് പൃഥ്വി ടീമിന്‍റെ നായകനായത്. അതിനര്‍ത്ഥം അവന്‍ മറ്റുള്ളവരേക്കാള്‍ കേമനായ പ്രതിഭയാണെന്നാണെന്നും വിരാട് കോലി അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിച്ച സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 19 സംഘവുമുണ്ടായിരുന്നു. ദുബായ് വരെ ഒരേ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ അവിടെ നിന്ന് സീനിയര്‍ ടീം ദക്ഷിണാഫ്രിക്കയിലേക്കും യുവനിര അണ്ടര്‍ 19 ലോകകപ്പിനായി ന്യൂസിലന്‍ഡിലേക്കും യാത്രയായി. ദുബായ്ക്ക് പുറപ്പെടും മുമ്പ് അണ്ടര്‍ 19 ടീമംഗങ്ങളെ വിരാട് കോലി സന്ദര്‍ശിച്ചിരുന്നു.
ജനുവരി 13നാണ് ന്യുസിലന്‍ഡില്‍ അണ്ടര്‍ 19 ലോകകപ്പ് ആരംഭിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ നായകന്‍ പൃഥ്വി ഷായിലാണ്. 2008ല്‍ മലേഷ്യയില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. ലോകകപ്പ് വിജയത്തോടെയാണ് കോലി ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവ ചര്‍ച്ചയായത്. ജനുവരി 14ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
