ലാസ്‌വെഗാസ്: നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരം കോണർ മഗ്രിഗറിനെ ഇടിച്ചിട്ട ഫ്ലോയിഡ് മെയ്‌വെതറെ പ്രശംസകൊണ്ട് മൂടുകയാണ് കായികലോകം. പ്രഫഷണൽ ബോക്സിങ്ങിൽ തുടർച്ചയായ അൻപതു കളികളിൽ ജയിച്ചെന്ന റെക്കോർഡോടെ ഇടിക്കൂട്ടില്‍ നിന്ന് പടിയിറങ്ങിയ മെയ്‌വെതറിനെ പുകഴ്‌ത്തുന്നതിനൊപ്പം മഗ്രിഗറുടെ പോരാട്ടവീര്യം കാണാതെ പോവരുതെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നത്.
പ്രഫഷനൽ ബോക്സിങ്ങിൽ തുടർച്ചയായ 50 വിജയങ്ങളുടെ ഇടിക്കൂട്ടുകാരനായ മെയ്‌വെതര്‍ ചരിത്രം കണ്ട ഏറ്റവും മികച്ച ഡിഫൻസീവ് ബോക്സറും ലോക ബോക്സിങ് അസോസിയേഷന്റെയും (ഡബ്ലുബിഎ), ലോക ബോക്സിങ് കൗൺസിലിന്റെയും (ഡബ്ലുബിസി) കിരീടങ്ങൾ നേടിയ താരവുമാണ്. മെയ്‌വെതറിനോട് ഏറ്റുമുട്ടാനെത്തുമ്പോള്‍ മഗ്രിഗര്‍ ഒറു റൗണ്ട് പോലും പിടിച്ചു നില്‍ക്കില്ലെന്നായിരുന്നു പലരും പറഞ്ഞതെന്ന് കോലി പറഞ്ഞു. എന്നാല്‍ അദ്ദേഹം 10 റൗണ്ട് വരെ ബോക്സിംഗ് ഇതിഹാസമായ മെയ്‌വതറിനൊപ്പം പിടിച്ചു നിന്നു. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമാണ് മഗ്രിഗറെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു. നമിക്കുന്നുവെന്നും കോലി പറഞ്ഞു.
മിക്സഡ് മാർഷ്യൽ ആർട്സ് എന്ന ആയോധനകലയിലെ രാജാവുകൂടിയായ, കോണർ മഗ്രിഗർ പ്രഫഷണല്‍ ബോക്സിംഗില്‍ തന്റെ ആദ്യമത്സരത്തിനാണ് ഇന്നിറങ്ങിയത്. വിവിധ ഭാര ഇനങ്ങളായ ലൈറ്റ്‍വെയ്റ്റ്, ഫെതർവെയ്റ്റ് വിഭാഗങ്ങളിൽ ഒരേ സമയം ജേതാവായി ഇരുന്നയാൾ. ഫെതർവെയ്റ്റ് ചാംപ്യനായി പത്തു വർഷം തുടർന്ന ജോസ് ആൾഡോയെ വെറും 13 സെക്കൻഡുകൊണ്ടു നിലംപരിശാക്കിയ ‘നൊട്ടോറിയസ്’ മഗ്രിഗർ. പഞ്ചിങ് ശക്തികൊണ്ട് ശ്രദ്ധേയൻ. അയർലൻഡിലെ തൊഴിൽരഹിതനായ ചെറുപ്പക്കാരനിൽ നിന്ന് രാജ്യത്തിന്റെ ഐക്കണായി മാറിയ താരം.
