അമ്പയറും കൈവിട്ടപ്പോള്‍ ഡിആര്‍എസ് വിജയം നേടി ക്രീസിലേക്ക് തിരിച്ചുവന്ന് ക്യാപ്റ്റന്‍ വീരാട് കോഹ്ലി. ബംഗ്ലാദേശിനെതിരെ ഹൈദരബാദ് ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 180ല്‍ എത്തിനില്‍ക്കേ ആയിരുന്നു വിരാട് കോഹ്ലി ഡിആര്‍എസ് വഴി തിരിച്ചുവന്നത്.
മെഹ്ദി എറിഞ്ഞ ഓവറിലെ നാലാമത്തെ പന്ത് ചെന്ന് കൊണ്ടത് വിരാടിന്‍റെ പാഡില്‍ തട്ടി. ബംഗ്ലാദേശ് താരങ്ങള്‍ക്ക് അമ്പയര്‍ വില്‍സണ്‍ വിക്കറ്റ് നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോഹ്ലി തയ്യാറായില്ല. ഡിആര്‍എസ് റിവ്യൂവിനായി കോഹ്ലി കൈയ്യുയര്‍ത്തി.
ഇതോടെ മൂന്നാം അമ്പയറുടെ പരിശോധന തുടങ്ങി. പന്ത് കോഹ്ലിയുടെ പ്യാഡില്‍ കൃത്യമായി കൊണ്ടെങ്കിലും അത് സ്റ്റംമ്പിന് പുറത്തേയ്ക്കാണ് പോയത്. ഇതോടെ അമ്പയര്‍ തീരുമാനം ക്യാന്‍സല്‍ ചെയ്ത് കോഹ്ലിയെ ബാറ്റിംഗ് തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഇന്നലെ കോഹ്ലിക്ക് എതിരെ ബംഗ്ലദേശിന് ഡിആര്‍എസ് അബദ്ധം പറ്റിയിരുന്നു, വിരാട് കോഹ്ലിക്കെതിരെയാണ് ബംഗ്ലാദേശിന്‍റെ വിഢിത്തം. ഇന്ത്യന്‍ സ്‌കോര്‍ ഒരു വിക്കറ്റിന് 232 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍. താജുല്‍ ഇസ്ലാമിന്റെ പന്തില്‍ വിരാട് കോഹ്ലി പന്ത് ഓഫ് സൈഡിലേയ്ക്ക് മുട്ടിയിട്ടു. എന്നാല്‍ ഉടന്‍ തന്നെ എല്‍ബിക്കായി അപ്പീല്‍ മുഴക്കുകയായിരുന്നു ബംഗ്ലാ താരങ്ങള്‍.
മാത്രവുമല്ല എല്ലാവരേയും അത്ഭുതപ്പെടുത്തി ഒരു പടികൂടി കടന്ന് ബംഗ്ലാദേശ് നായകന്‍ മുശ്ഫിഖു റഹ്മാന്‍ ഡിആര്‍എസിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. ഇതോടെ ബാറ്റ് ചെയ്ത വിരാട് കോഹ്ലിക്ക് പോലും ഒരു വേള ചിരിയടക്കാനായില്ല. മൂന്നാം അമ്പയറുടെ പരിശോധനയില്‍ പന്ത് ബാറ്റില്‍ തന്നെയാണ് കൊണ്ടതെന്ന് വ്യക്തമായതോടെ കോഹ്ലി വീണ്ടും ബാറ്റിംഗ് തുടര്‍ന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ അത്യപൂര്‍വ്വ റെക്കോര്‍ഡും സ്വന്തമാക്കി. തുടര്‍ച്ചയായി നാലു ടെസ്റ്റ് പരമ്പരകളിലും സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് കൊഹ്‌ലി കൈവരിച്ചത്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡുകളാണ് കൊഹ്‌ലി മറികടന്നത്. തുടര്‍ച്ചയായി മൂന്നു ടെസ്റ്റ് പരമ്പരകളില്‍ ബ്രാഡ്‌മാനും ദ്രാവിഡും ഇരട്ടസെഞ്ച്വറി നേടിയിട്ടുണ്ട്.
239 പന്തില്‍ 24 ബൗണ്ടറി ഉള്‍പ്പടെയാണ് കൊഹ്‌ലി ഇരട്ടസെഞ്ച്വറിയിലെത്തിയത്. തൈജുല്‍ ഇസ്ലാമിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് കൊഹ്‌ലി കരിയറിലെ നാലാമത്തെ ഇരട്ടസെഞ്ച്വറി സ്വന്തമാക്കുന്നത്. അജിന്‍ക്യ രഹാനെയോടൊപ്പം ചേര്‍ന്ന് നാലാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കൊഹ്‌ലി-രഹാനെ സഖ്യം പിരിഞ്ഞത്. 82 റണ്‍സെടുത്ത രഹാനെയാണ് ആദ്യം പുറത്തായത്. 204 റണ്‍സെടുത്ത കൊഹ്‌ലി തൈജുല്‍ ഇസ്ലാമിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ ആയാണ് പുറത്തായത്.
