സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനൊപ്പം വിജയം ആഘോഷിച്ച് വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ. കോലിയെ ആലിംഗനം ചെയ്യുന്നതും ഗ്രൗണ്ടിലൂടെ ഇരുവരും കൈക്കോര്‍ത്ത് നടക്കുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

'വന്നു, കീഴടക്കി' എന്ന അടിക്കുറിപ്പോടെ അനുഷ്‌ക ശര്‍മ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. കപ്പിന് മുത്തമിടുന്ന കോലിയെയും വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെയും ചിത്രങ്ങളാണ് അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവച്ചത്. 

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പേര്‍ത്തില്‍ ഓസീസ് തിരിച്ചുവന്നു. എന്നാല്‍ മെല്‍ബണില്‍ വിജയിച്ച് ഇന്ത്യ ലീഡ് നേടി. സിഡ്നിയില്‍ മഴ കളിമുടക്കിയതോടെ സമനിലയില്‍  അവസാനിക്കുകയായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VirushkaUpdates (@virushka.updates) on Jan 6, 2019 at 9:46pm PST

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് വിരാട് കോലി. ഏഷ്യയില്‍ നിന്നുള്ള മറ്റൊരു ടീമിനും ഓസ്ട്രേലിയയില്‍ പരമ്പര വിജയിക്കാനായിട്ടില്ല. മുന്‍പ് 11 തവണ ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തിയിരുന്നെങ്കിലും ഇതില്‍ ഒമ്പതിലും ഓസീസിനായിരുന്നു വിജയം. രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു. 1977-98ല്‍ ബിഷന്‍ സിങ് ബേദിയുടെയും 2003ല്‍ സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തില്‍ പോയ ടീമാണ് സമനില പിടിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ▀▄▀▄▀▄ Ajinkya Rahane ▄▀▄▀▄▀ (@ajinkyaarahane) on Jan 6, 2019 at 8:52pm PST

പരമ്പരയില്‍ വിജയിച്ചതോടെ ഓവര്‍സീസില്‍ 12 വിജയങ്ങളായി കോലിയുടെ പേരില്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളി ഏറ്റവും കൂടുതല്‍ ഓവര്‍സീസ് വിജയങ്ങളെന്ന പേരും കോലി സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ കോലിക്ക് മൂന്ന് ടെസ്റ്റ് വിജയങ്ങളായി. ഇത്രയും വിജയങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ ക്യാപ്റ്റനാണ് കോലി. ബിഷന്‍ സിങ് ബേദി, മുഷ്താഖ് മുഹമ്മദ് (പാക്കിസ്ഥാന്‍) എന്നിവരാണ് മറ്റു ക്യാപറ്റന്‍മാര്‍.