മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലി. നാല് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറിനേടുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്ലി മാറി. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിനേടിയതോടെയാണിത്. നേരത്തെ തുടര്‍ച്ചയായ മൂന്ന് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിച്ച ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് ഇതിലൂടെ കോഹ്ലി മറികടന്നത്. ക്രിക്കറ്റിലെ ഒരു റെക്കോഡ‍ും കോഹ്ലിക്ക് വെല്ലുവിളിയല്ലെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.

ഇതേ സമയമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ മിന്നും ഫോമിന് ഒരു അവകാശിയെത്തി, ദേരാ സച്ചാ സൗദാ സംഘടനയുടെ ആത്മീയഗുരു ഗുരമീത് റാം റഹീമാണ് അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടി എന്ന നിലയിലാണ് എങ്ങനെയാണ് ക്യാപ്റ്റന്‍സ്ഥാനത്ത് നില്‍ക്കുമ്പോഴും മിന്നുന്ന ഫോം നിലനിര്‍ത്തുന്നത് എന്ന് കോഹ്ലി പറയുകയാണ്. സാധാരണ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുമ്പോള്‍ ബാറ്റിംഗ് ഫോം മോശമാകുകയാണ് ചെയ്യാറ് അതില്‍ നിന്നും വ്യത്യസ്തനാണ് കോഹ്ലി എന്ന ചോദ്യത്തിനാണ് കോഹ്ലിയുടെ മറുപടി.

സാധാരണ ബാറ്റ്‌സ്മാനില്‍ നിന്നും വളരാന്‍ സഹായിച്ചത് ക്യാപ്റ്റന്‍സി ആണെന്ന് ഞാന്‍ കരുതുന്നു. നായകനാകുമ്പോള്‍ അലംഭാവത്തിന് യാതൊരുവിധ ഇടവുമില്ല. അതിനാല്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നു. വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നത്. എന്റെ ആദ്യ എട്ട് സെഞ്ച്വറികളില്‍ 120ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതോടെ ആവേശത്തെ നിയന്ത്രിച്ച് നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ഞാന്‍ ബോധപൂര്‍വം പരിശ്രമിച്ചു - ബിസിസിഐ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കോഹ്ലിയുടെ ഈ വിശദീകരണം