മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം കോലിക്ക്

മുംബൈ: മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. 2016-17, 2017-18 സീസണുകളിലെ മികച്ച പ്രകടനത്തിനാണ് കോലിക്ക് പുരസ്‌കാരം. വനിതകളില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍(2016-17), സ്മൃതി മന്ദാന(2017-18) എന്നിവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുരസ്കാരം ലഭിച്ചു.

ബെംഗളൂരുവില്‍ ജൂണ്‍ 12ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ കൈമാറും. മികച്ച സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുള്ള പുരസ്കാരം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും(2016-17, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനും(2017-18) കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പുരുഷ- വനിത ടീമുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതില്‍ അഭിമാനമുണ്ട്. ടീമുകളുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരങ്ങളെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അറിയിച്ചു.