മുംബൈ: സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വിരാട് കോലിയെ ഇതിഹാസമെന്ന് വിളിക്കാനായിട്ടില്ല എന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ് പറയുന്നു. 

ബാറ്റിംഗ് ജീനിയസാണ് വിരാട് കോലിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ മികച്ച സ്കോര്‍ കണ്ടെത്തുമ്പോള്‍ മാത്രമേ കോലിയെ ഇതിഹാസമെന്ന് വിളിക്കാനാകൂവെന്ന് ഹോള്‍ഡിംഗ് അഭിപ്രായപ്പെട്ടു. ലോകത്തെ ഏത് പിച്ചിലും റണ്‍സ് കണ്ടെത്തുന്ന താരങ്ങളെ താന്‍ ഇഷ്ടപ്പെടുന്നതായും മുന്‍ വെസ്റ്റിന്‍ഡീസ് പേസര്‍ പറഞ്ഞു. 

അതേസമയം സമകാലിക ക്രിക്കറ്റിലെ മൂന്ന് മികച്ച താരങ്ങളിലൊരാള്‍ കോലിയാണെന്ന് ബൗളിംഗ് ഇതിഹാസം വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എന്നിവരാണ് ഹോള്‍ഡിംഗിന്‍റെ ലിസ്റ്റിലെ മറ്റ് രണ്ടുപേര്‍. എന്നാല്‍ ഇടവേള കഴിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ എ ബി ഡിവില്ലേഴ്‌സ് ഫോം തുടര്‍ന്നാല്‍ മാത്രമേ മികച്ച താരമാകൂവെന്നും അഭിപ്രായപ്പെട്ടു.