മുംബൈ: അതിർത്തിലെ ധീര ജവാന്മാർക്ക് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ഏകദിന ടീം ഉപനായകനുമായ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഹ്ലി ദീപാവലി ആശംസ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യയുടെ കാവലാളുകളായ ജവാന്മാർക്ക് ദീപാവലി ആശംസ നേരുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അണിചേരാൻ ഏവരോടും പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.
ഞാൻ, വിരാട് കോഹ്ലി, എല്ലാ ജവാന്മാർക്കും ദീപാവലി ആശംസ അറിയിക്കുന്നു. വീടുകളിൽനിന്ന് അകന്ന് രാജ്യ സുരക്ഷയ്ക്കായി അതിർത്തിയിൽ കണ്ണിമവെട്ടാതെ കാവൽനിൽക്കുന്ന ജവാന്മാർക്ക് എല്ലാ ഭാവുകങ്ങളും. വീട്ടിൽനിന്ന് അകന്നു നിൽക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങൾ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണ്. ഈ രാജ്യംമുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്:– കോഹ്ലി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. എപ്പോഴെങ്കിലും നിങ്ങൾ ജവാന്മാരെ കണ്ടാൽ അവർക്ക് സല്യൂട്ട് നല്കാൻ മറക്കരുത് എന്ന സന്ദേശത്തോടെയാണ് വിരാട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
