ബംഗളൂരു: അമ്പയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം(ഡിആര്‍എസ്)ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വീണ്ടും അബദ്ധം ആവര്‍ത്തിച്ചു. ഇത്തവണ സ്വന്തം പുറത്താകലാണ് കോലി റിവ്യൂ ചെയ്തത്. മത്സരത്തിലെ 34-ാം ഓവറിലായിരുന്നു കോലിയുടെ പുറത്താകല്‍. നഥാന്‍ ലിയോണിന്റെ പന്തിനെ പ്രതിരോധിക്കാതെ വിട്ടുകളയാനുള്ള തീരുമാനം നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ ആശ്ചര്യത്തോടെ നിന്ന കോലി, ഒപ്പം ക്രീസില്‍ നിന്ന കെഎല്‍ രാഹുലുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് റിവ്യൂ ചോദിച്ചത്. ആ സമയം രണ്ടിന് 88 എന്ന നിലയിലായിരുന്നു ഇന്ത്യ.
കോലിയുടെ വിക്കറ്റ് ഏറെ നിര്‍ണായകമാണെന്ന് സമ്മതിച്ചാല്‍ പോലും ഷോട്ട് കളിക്കാതെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയശേഷം റിവ്യു ആവശ്യപ്പെട്ടത് വലിയ മണ്ടത്തരമാണെന്നാണ് വിലയിരുത്തല്‍. മറുവശത്തുനിന്ന രാഹുലും റിവ്യൂവിന് അനുകൂലമായല്ല പ്രതികരിച്ചതെന്ന് ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. റിവ്യൂ പൂര്‍ത്തിയാവും മുമ്പെ ക്രീസ് വിട്ട് നടന്നുതുടങ്ങിയ കോലിക്ക് വൈകിയാണ് തിരിച്ചറിവുണ്ടായത്. മൂന്നാം അമ്പയര്‍ ഹോക്ക് ഐയില്‍ പന്തിന്റെ ഗതി പരിശോധിക്കുന്നതിനു മുമ്പ് തന്നെ കോലി ക്രീസില്‍ നിന്ന് നടന്നു തുടങ്ങിയിരുന്നു. ഉറപ്പായ പുറത്താകല്‍ റിവ്യൂ ചെയ്ത കോലി വരാനിരിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലഭിക്കേണ്ട ഒരവസരമാണ് കളഞ്ഞു കുളിച്ചത്. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ പിന്നീടുള്ള ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും റിവ്യൂ വേണ്ടിവന്നില്ലെന്ന് മാത്രം.
ഡിആര്‍എസ് അംഗീകരിച്ചശേഷം കളിച്ച മൂന്ന് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യയുടെ നില പരിതാപകരമായിരുന്നു. നവംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഡിആര്‍എസ് ഇന്ത്യ ആദ്യമായി അംഗീകരിച്ചത്. തുടര്‍ന്നുള്ള ഏഴു ടെസ്റ്റുകളിലായി 55 തവണ ഇന്ത്യ ഡിആര്‍എസ് ആനുകൂല്യം ഉപയോഗിച്ചു. വിജയിച്ചത് 17 റിവ്യൂ മാത്രം. പാളിയതിലധികവും ഫീല്‍ഡിങ്ങിനിടയിലെ റിവ്യൂകളാണ്. 41 ചലഞ്ചുകളില്‍ വിജയിച്ചത് പത്തെണ്ണം മാത്രം. പൂനെ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെ അമ്പയറുടെ തെറ്റായ തീരുമാനങ്ങള്‍ പലതവണ തുണച്ചു. അപ്പോഴൊന്നും ഇന്ത്യയുടെ കൈയില്‍ ചലഞ്ചിനുള്ള അവസരം ബാക്കിയുണ്ടായിരുന്നില്ല. ആദ്യം തന്നെ അനാവശ്യമായി റിവ്യൂ ഉപയോഗിച്ചതാണ് കാരണം.
Also Read:ബംഗളൂരുവില്‍ മകളുമായി നടക്കാനിറങ്ങിയ വാര്‍ണര്‍ക്ക് സംഭവിച്ചത്
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിലും സമാനമായ പ്രശ്നങ്ങള്‍ ടീം ഇന്ത്യ നേരിട്ടു. ആറോവറിനുള്ളില്‍ രണ്ട് റിവ്യൂകള്‍ നഷ്ടപ്പെടുത്തി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കൂടാരം കയറിയിരുന്നു.
മറുവശത്ത് വളരെ ശ്രദ്ധയോടെ കൂടിയാണ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഡിആര്‍എസ് ഉപയോഗം. ബൗളറോടും വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡനോടും ആലോചിച്ച ശേഷം മാത്രമേ സ്മിത്ത് റിവ്യൂ ചോദിക്കാറുള്ളൂ.
