നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ റണ്‍വേട്ട നടത്തിയപ്പോള്‍ തകര്‍ന്നുവീണത് ഒറുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. അവയില്‍ ചിലത് ഇതാ.
- ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചാം ഡബിള്‍ സെഞ്ചുറി കുറിച്ച വിരാട് കോലി ഈ നേട്ടത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനെ മറികടന്നു. നാലു ഡബിള്‍ സെഞ്ചുറികളാണ് ക്യാപ്റ്റനെന്ന നിലയില്‍ ബ്രാഡ്മാന്റെ പേരിലുള്ളത്.
- ക്യാപ്റ്റനെന്ന നിലയില്‍ പന്ത്രണ്ടാം സെഞ്ചുറി കുറിച്ച സെഞ്ചുറി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി. 11 സെഞ്ചുറികളെന്ന ഗവാസ്കറുടെ റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്.
- ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലുമായി കോലി നേടുന്ന പത്താം സെഞ്ചുറിയാണിത്. ഒരു കലണ്ടര്‍വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഇതോടെ കോലിയുടെ പേരിലായി. ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനെയും ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെയുമാണ് കോലി പിന്നിലാക്കിയത്.
- ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്കോറും കോലിയുടെ പേരിലായി. കപില്‍ ദേവിന്റെ പേരിലായിരുന്ന 163 റണ്‍സാണ് കോലി മറികടന്നത്ത.
- ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ആറാം തവണയും 150 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത കോലി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി.
- വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഏഴാം തവണയാണ് 600 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ഇതോടെ ഒരു ക്യാപ്റ്റനു കീഴില്‍ ഏറ്റവും കൂടുതല്‍ തവണ 600 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ടീമായി ഇന്ത്യ. മറ്റ് ക്യാപ്റ്റന്‍മാരുടെ കീഴില്‍ ഒരു ടീമും അഞ്ചു തവണയില്‍ കൂടുതല്‍ 600 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടില്ല.
- ടെസ്റ്റില്‍ ഇന്ത്യ മുപ്പതാം തവണയാണ് 600ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. 32 തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
- ഇന്ത്യയില്‍ കളിച്ച 53 ഇന്നിംഗ്സില്‍ നിന്ന് 3000 റണ്‍സ് പിന്നിട്ട ചേതേശ്വര്‍ പൂജാര ഈ നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്നിലാക്കി. 55 ഇന്നിംഗ്സില്‍ നിന്നാണ് സച്ചിന്‍ 3000 പിന്നിട്ടത്.\
