ജൊഹന്നസ്ബര്‍ഗ്: ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റണ്‍ദാഹത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ കോലിക്കായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ നായകന്‍ മുഹമ്മഹ് അസറുദീന്‍റെ(9378) റെക്കോര്‍ഡാണ് കോലി(9423) മറികടന്നത്.
എന്നാല്‍ അസറുദീന്‍ 308 ഇന്നിംഗ്സുകളില്‍ സ്വന്തമാക്കിയ റണ്‍സാണ് വെറും 198 ഇന്നിംഗ്സുകളില്‍ കോലി മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. 452 ഇന്നിംഗ്സുകളില്‍ 18,426 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറാണ് ഏകദിന റണ്‍വേട്ടയില്‍ മുന്നില്‍.
അതേസമയം ലോക താരങ്ങളില്‍ 16-ാം സ്ഥാനത്താണ് കോലിയുള്ളത്. മറ്റ് ചില റെക്കോര്‍ഡുകള്‍ കൂടി നാലാം ഏകദിനത്തില്‍ കോലി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയാന്‍ ലാറയെ(627) കോലി പിന്നിലാക്കി. അതോടൊപ്പം വിദേശ പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍റെ കൂടുതല്‍ റണ്‍സെന്ന ദ്രാവിഡിന്‍റെ റെക്കോര്‍ഡും(645) കോലി മറികടന്നു. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ശരാശരി(66.33) ഉള്ള താരവും കോലിയാണ്.
