കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ 72 റണ്‍സ് തോല്‍വിയോടെ ഇന്ത്യയുടെ ടീം സെലക്ഷനെക്കുറിച്ച് വിമര്‍ശനങ്ങളാണ് എങ്ങും. പേസും ബൗണ്‍സുമുള്ള പിച്ചില്‍ സാങ്കേതികത്തികവുള്ള അജിങ്ക്യാ രഹാനെക്ക് പകരം രോഹിത്ത് ശര്‍മയെ ഉള്‍പ്പെടുത്തിയ തീരുമാനമാണ് ഇതില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്സില്‍ 10ഉം രണ്ടാം ഇന്നിംഗ്സില്‍ 11 ഉം റണ്‍സെടുത്ത് രോഹിത്ത് നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രഹാനെക്ക് പകരം രോഹിത്തിനെ ഉള്‍പ്പെടുത്താനുള്ള കാരണം മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി വെളിപ്പെടുത്തി.
നിലവിലെ ഫോം നോക്കിയാണ് രഹാനെയ്ക്ക് പകരം രോഹിത്തിനെ ഉള്‍പ്പെടുത്തിയതെന്ന് കോലി പറഞ്ഞു. ശ്രീലങ്കക്കെതിരെ ഏകദിന ഡബിളടിച്ച രോഹിത്ത് അവസാനം കളിച്ച മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അങ്ങനെയല്ലായിരുന്നെങ്കില്‍ ഇങ്ങനെ ആവുമായിരുന്നു എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്നതില്‍ കാര്യമില്ലെന്നും നിലവിലെ ഫോമും മത്സര സാഹചര്യങ്ങളും കണക്കിലെടുത്താണ് ടീം കോംബിനേഷന്‍ തീരുമാനിക്കുന്നതെന്നും കോലി പറഞ്ഞു.
ശ്രീലങ്കക്കെതിരെ ഫോമിലായിരുന്നില്ലെങ്കിലും നാലുവര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ 209 റണ്‍സടിച്ചിരുന്ന രഹാനെ കോലിക്കും പൂജാരക്കും പിന്നില്‍ ആ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു. എന്നിട്ടും രഹാനെയെ കളിപ്പിക്കാതിരുന്ന കോലിയുടെ തീരുമാനം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയെപ്പോലും അത്ഭുതപ്പെടുത്തി. മത്സരശേഷം ഡൂപ്ലെസി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
രഹാനെയെ ഒഴിവാക്കി രോഹിത്തിനെയും ബൂമ്രയെയും ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡൂപ്ലെസി പറഞ്ഞു.
ബൂമ്ര ഏകദിന ക്രിക്കറ്റില്‍ മികവറിയിച്ചിട്ടുള്ള ബൗളറാണ്. പക്ഷെ ടെസ്റ്റില്‍ ഏറെ പരിചയസമ്പത്തുള്ളവരെ ഒഴിവാക്കി അദ്ദേഹത്തെ കളിപ്പിക്കാന്‍ ഇന്ത്യയെടുത്ത തീരുമാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അതുപോലെ രഹാനെക്ക് പകരം രോഹിത്തിനെ കളിപ്പിക്കാനുള്ള തീരുമാനവും. രോഹിത്ത് ഏകദിനത്തില്‍ മികച്ച ഫോമിലായിരുന്നതായിരിക്കും ടെസ്റ്റില്‍ രഹാനെക്ക് പകരം ഉള്‍പ്പെടുത്താനുള്ള കാരണം. ഡൂപ്ലെസി പറഞ്ഞു.
