കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പൊരുതി ജയിച്ചപ്പോള്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു നാഴികക്കലു കൂടി വിരാട് കോലി മറികടന്നു. അതും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന്. ഏകദിന ക്രിക്കില്‍ 32 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി ലങ്കയ്ക്കെതിരായ രണ്ടാം മത്സരം ജയിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ 24 മത്സരമാണ് ജയിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ 23 ജയങ്ങള്‍ മാത്രമുള്ള സച്ചിനെയാണ് കോലി കഴിഞ്ഞ മത്സരത്തിലെ വിജയത്തിലൂടെ മറികടന്നത്. സച്ചിന് 23 മത്സരം ജയിക്കാന്‍ 73 മത്സരം വേണ്ടിവന്നുവെങ്കില്‍ കോലിക്ക് അത് മറികടക്കാന്‍ വേണ്ടിവന്നത് അതില്‍ പകുതി മത്സരം മാത്രം. അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ ധോണിയുടെയും ഭുവനേശ്വര്‍കുമാറിന്റെയും ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്.
231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 109 റണ്‍സെടുത്തശേഷം 131/7 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയെങ്കിലും ധോണിയും ഭുവിയും പിടിച്ചുനിന്നതോടെ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.
